ദില്ലി : വിഘടനവാദികളുടെയും ഭീകരവാദത്തെ പിന്തുണക്കുന്നവരുടെയും മോചനം ആവശ്യപ്പെടുന്നതിലൂടെ ജമ്മു കശ്മീരിനെ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന വിമർശിച്ച് അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുവിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻസിക്കും കോൺഗ്രസിനും കല്ലേറുകാരെ ജയിലിന് പുറത്തിറക്കണം, രജൗരിയിലും പൂഞ്ചിലും തീവ്രവാദം ശക്തിപ്പെടുത്തണം. എന്നാൽ ഞങ്ങൾ പ്രശ്നക്കാരെ ജയിലിലിട്ടു. അവർ അതിർത്തിയിലൂടെയുള്ള വ്യാപാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. ആർക്കാണ് അതിൻ്റെ ഗുണഫലം ലഭിക്കുകയെന്നും അമിത് ഷാ ചോദിച്ചു. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും മെഹബൂബ് മുഫ്തിയുടെ പിഡിപിയും മേഖലയിൽ തീവ്രവാദത്തിന് തീ പിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് കുടുംബങ്ങളാണ് ജമ്മു കശ്മീരിനെ കൊള്ളയടിച്ചത്. എൻസി-കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഇവിടെ ഭീകരവാദം ശക്തിപ്പെടും. ബിജെപി അധികാരത്തിലെത്തിയാൽ തീവ്രവാദത്തെ തല പൊക്കാൻ തങ്ങൾ വിടില്ലെന്നും അമിത് ഷാ പ്രസംഗിച്ചു.
ജമ്മു കശ്മീരിൻ്റെ സ്വതന്ത്ര ഭരണത്തിന് വേണ്ടി ഒരു അധികാര കേന്ദ്രവും ഇനി ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധി ജനങ്ങളെ കബളിപ്പിക്കുകയാണ്. അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ടോ? ജമ്മു കാശ്മീരിന് സംസ്ഥാന പദവി ഉചിതമായ സമയത്ത് നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനകൾ രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശങ്കരാചാര്യ ഹില്ലിനെ തഖ്‌ത്-ഇ-സുലേമാൻ എന്ന് പുനർനാമകരണം ചെയ്യാനും ഗുജ്ജാർ-ബകേർവാൽ-പഹരി സമുദായങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാനും പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 90 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടത്തിലായാണ് വോട്ടടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് സെപ്തംബർ 18 ന് നക്കം. പിന്നീട് സെപ്തംബർ 25 നും ഒക്ടോബർ ഒന്നിനും വോട്ടെടുപ്പ് ഉണ്ടാകും. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.