കരിങ്കൊടി പ്രശ്‌നങ്ങള്‍ മൂലം തെരുവിലിറങ്ങാൻ കഴിയുന്നില്ല, പറക്കാന്‍ ഒരുങ്ങി മുഖ്യന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പളവും ക്ഷേമപെന്‍ഷനും കൊടുക്കാന്‍ പോലും പണമില്ലാതെ എല്ലാമാസവും രണ്ടായിരം കോടിയും അതിലധികവും കടമെടുക്കുന്ന കേരളത്തിലാണ് മുഖ്യമന്ത്രിക്ക് പറക്കാന്‍ പുതുപുത്തന്‍ ഇരട്ട എന്‍ജിന്‍ ഹെലികോപ്ട‌ര്‍ വാടകയ്ക്കെടുക്കുന്നത്. ഇപ്പോഴത്തെ വിപണി നിലവാരം വച്ച്‌ 80ലക്ഷം രൂപയെങ്കിലുമാവും മാസവാടക. ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് 1.7കോടി രൂപയായിരുന്നു വാടക. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പറക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുക എന്നത് ഏറെക്കാലമായുള്ള പോലീസിന്റെ പദ്ധതിയാണ്.

ഇടക്കാലത്ത് 80ലക്ഷം രൂപയ്ക്ക് പോലീസ് സ്വകാര്യ കമ്ബനിയുമായി ധാരണയിലെത്തിയെങ്കിലും അപ്പോഴാണ് കൂനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്. അതോടെ, വാടക ഹെലികോപ്ടര്‍ വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം പിന്നീടിപ്പോഴാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനുള്ള പദ്ധതി പൊങ്ങിവന്നത്. പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും വാടക ഹെലികോപ്ടറിന്റെ കാര്യം അറിഞ്ഞിട്ടില്ല. അതീവ രഹസ്യമായി ഡിജിപി അനില്‍കാന്താണ് വാടക ഹെലികോപ്ടര്‍ വിഷയം മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ചത്. പിന്നീട് മന്ത്രിസഭാ യോഗം ഇത് അംഗീകരിക്കുകയായിരുന്നു.

2021ഡിസംബറില്‍ ടെന്‍ഡര്‍ പോലീസ് അംഗീകരിച്ചതാണെങ്കിലും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പോലീസിന്റെ ശുപാര്‍ശ കഴിഞ്ഞ ജൂലായില്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. മത്സരാധിഷ്ഠിത ലേലത്തിലൂടെ കോപ്ടറിന് പുതിയ കരാറുണ്ടാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കാവും പുതിയ ഇരട്ട എന്‍ജിന്‍ കോപ്ടര്‍ കാര്യമായി ഉപയോഗിക്കുക. വടക്കന്‍ ജില്ലകളിലെ യാത്രയ്ക്ക് ഇപ്പോള്‍ സ്വകാര്യകോപ്ടര്‍ ദിവസവാടകയ്ക്കെടുക്കുകയാണ്. ആറ് വി.ഐ.പി യാത്രക്കാരെയും 9 സാധാരണ യാത്രക്കാരെയും ഓരോരുത്തരുടെയും പത്ത് കിലോ ലഗേജും വഹിക്കാനാവുന്ന, 15വര്‍ഷത്തിലേറെ പഴക്കമില്ലാത്ത ഇരട്ടഎന്‍ജിന്‍ കോപ്ടറാണ് മൂന്നുവര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കുക. വി.ഐ.പികള്‍ക്ക് വിശാലമായ സീറ്റുണ്ടായിരിക്കും.

സ്വകാര്യ കോപ്ടറാണെങ്കിലും സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. 15വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുക. ഓപ്പറേറ്ററുടെ കാര്യക്ഷമതയേക്കാള്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ കൂടുതല്‍ അപകടമുണ്ടാക്കിയ ഓപ്പറേറ്റര്‍മാരെ നിരസിക്കും. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. പിന്നീട് രണ്ടുവര്‍ഷത്തേക്ക് നീട്ടും. പ്രതിമാസം 20മണിക്കൂറെങ്കിലും പറക്കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പറന്നാല്‍ മണിക്കൂര്‍ കണക്കില്‍ അധികതുക നല്‍കും. പൊതുമേഖലാ ഹെലികോപ്ടര്‍ മഴക്കാറോ കാറ്റോ ഉണ്ടെങ്കില്‍ പറക്കാന്‍ വിസമ്മതിച്ചിരുന്നു. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി പാലവും റോഡും ഒലിച്ചുപോപ്പോള്‍ രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍സംഘത്തെയും അവിടെയെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പറക്കാനായില്ല.

രാത്രിയിലും ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദമെങ്കിലും കോപ്ടറിന് അങ്ങനെ പറക്കാനാവില്ലെന്ന് പിന്നീട് വ്യക്തമായി. കാലാവസ്ഥ അനുകൂലമായ ശേഷം പെട്ടിമുടിയടക്കം ദുരന്തസ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രിയും ഗവര്‍ണറുമായി ആ കോപ്ടര്‍ പറന്നിരുന്നു. വയനാട്ടിലടക്കം മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രതികൂല കാലാവസ്ഥയില്‍ പറക്കാന്‍ കോപ്ടറിന്റെ പൈലറ്റുമാര്‍ തയ്യാറായിരുന്നില്ല. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്ന ചിപ്സണ്‍ ഏവിയേഷനെ വാടക കോപ്ടറിന് പോലീസ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. 80ലക്ഷം രൂപയ്ക്ക് 20മണിക്കൂര്‍ പറക്കും. അധികം ഒരോ മണിക്കൂറിനും 90,000രൂപ നല്‍കണം. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് കൂനൂരില്‍ കോപ്ടര്‍ തകര്‍ന്ന് മരിച്ചതോടെ, കോപ്ടറുകളുടെ സുരക്ഷയില്‍ സര്‍ക്കാരിന് ആശങ്കയുണ്ടായി.

ഏതാനും വര്‍ഷം മുന്‍പ് 1.70കോടി മാസവാടകയ്ക്ക് വാടകയ്ക്കെടുത്ത കോപ്ടറിന് 22.21കോടി ചെലവഴിച്ചു. കാര്യമായി പറന്നതുമില്ല. ഛത്തീസ്ഗഡില്‍ ഇതേ കോപ്ടറിന് മാസവാടക 85ലക്ഷമായിരുന്നു. പോലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടില്‍ നിന്നാണ് ഹെലികോപ്ടറിന് വാടക നല്‍കുന്നത്. മാവോയിസ്റ്റ് വേട്ടയായിരുന്നു പ്രധാനദൗത്യം. എന്നാല്‍ പലവട്ടം കോപ്ടറുപയോഗിച്ച്‌ നിരീക്ഷണം നടത്തിയിട്ടും വനത്തിനു മുകളിലെ പച്ചപ്പ് മാത്രമാണ് കാണാനായത്. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകള്‍ കടന്നുകളയുന്നെന്ന് പോലീസുദ്യോഗസ്ഥര്‍ പറയുന്നു. സീറ്റുകള്‍ മാറ്റി എയര്‍ലിഫ്‌റ്റിംഗ് നടത്താമെന്ന് കോപ്ടര്‍ കമ്പനി അവകാശപ്പെട്ടെങ്കിലും ഇതിന് പരിശീലനം നേടിയ ജീവനക്കാരില്ലായിരുന്നു. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ പറക്കാന്‍ വൈദഗ്ദ്ധ്യമുള്ള പൈലറ്റുമുണ്ടായിരുന്നില്ല. അതിനാല്‍ സര്‍ക്കാരിന്റെ കോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം അസാദ്ധ്യമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...