കൊച്ചി : കൊച്ചി നഗരത്തെ ഒരു രാത്രിയും പകലും മുഴുവൻ പരിഭ്രാന്തിയിലാക്കിയ ആ ബോംബ് ഭീഷണിയൊഴിഞ്ഞു. ഹെൽമറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ രാജഗിരി കോളേജിലെ വിദ്യാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച സാധനങ്ങളാണെന്ന് കണ്ടെത്തി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് വിട്ടയച്ചു. ഇൻഫോപാർക്കിനടുത്ത ഒരു റസ്റ്റോറന്റിന് സമീപത്തു നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം ഉണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ പ്ലാസ്റ്റിക് കണ്ടെയ്നറിൽ ചില ഇലക്ട്രോണിക് സാധനങ്ങൾ ഇരിക്കുന്നത് ബൈക്കിന്റെ ഉടമസ്ഥന്റെ ശ്രദ്ധയിൽപെട്ടത്. ബൈക്കിന്‍റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നു. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു.
ഇതിനിടെയാണ് ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് ബീപ് ശബ്ദം കേൾക്കാൻ തുടങ്ങിയത്. ഇതോടെ ആളുകൾ പരിഭ്രാന്തരായി പോലീസിൽ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഈ സാധനങ്ങൾ വിശദമായ പരിശോധിച്ചു. എന്താണെന്ന് മനസിലാവാതെ ഭീതിയായി. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. രാജഗിരി കോളേജിലെ വിദ്യാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച പ്രത്യേക തരം ഹെൽമറ്റാണ് ഇതെന്ന് കണ്ടെത്തി. ഇവർ സ്കൂളിൽ രണ്ട് വർഷം മുമ്പ് നിർമിച്ചതായിരുന്നത്രെ ഇത്. ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി ഘടിപ്പിച്ചിട്ടുള്ള ഈ ഹെൽമറ്റ് ധരിച്ചാൽ വാഹനം ഓടിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ പിന്നെ വാഹനം സ്റ്റാർട്ടാവില്ല. ഈ സംവിധാനമാണ് റസ്റ്റോറന്റിന് സമീപം കുട്ടികൾ മറന്നുവെച്ചത്. കോളേജിലെ എക്സിബിഷന് പ്രദർശിപ്പിക്കാനായി കൊണ്ടുവന്നതായിരുന്നു ഇവ. കുട്ടികളുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.