കൊച്ചി : ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലാണ് കോടതി തീരുമാനം. ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇതിന് പിന്നാലെ പ്രതി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതിനാൽ കേസ് ഇത് വരെയും ലിസ്റ്റ് ചെയ്തിട്ടില്ല. ഇതോടെയാണ് ഒളിവിൽ തുടരുന്ന പി ജി മനു ഉപഹർജിയുമായി അതേ ബെഞ്ചിനെ സമീപിച്ചത്. തുടര്‍ന്നാണ് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചത്. പി ജി മനുവിനെ അന്വേഷിച്ച് എത്തിയ പോലീസ് സഹോദരങ്ങളെ ഉപദ്രവിച്ചതായി ആരോപിച്ച് മറ്റൊരു ഹർജിയും ഹൈക്കോടതി പരിഗണനയിലുണ്ട്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പോലീസ് കേസെടുത്തത്.
പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പോലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു. ചോറ്റാനിക്കര പോലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണ ഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്ക അറിയിച്ചിരുന്നു. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.