കോന്നി : പതിനാറ് ദിവസങ്ങൾക്ക് മുൻപ് തലച്ചിറയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുള സത്രക്കടവിന് സമീപത്ത് നിന്നും പമ്പയാറ്റിൽ കണ്ടെത്തി. തലച്ചിറ കൈനിക്കര വീട്ടിൽ പരേതയായ സജിയുടെയും ജെസിയുടെയും മകനായ സംഗീത് (സുനു – 24) ന്റെ മൃതദേഹമാണ് ആറന്മുള ക്ഷേത്ര സത്രക്കടവിന് സമീപത്തുനിന്നും കണ്ടെത്തിയത്. യുവാവിന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ആറന്മുള, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ബന്ധുക്കളും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
മൃതദേഹം പൂർണ്ണമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു. സംഗീതിന്റെ തിരോധാനത്തെ തുടർന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും അടക്കം ബന്ധുക്കൾ പരാതി നൽകിയിരുന്നു. പോലീസിന്റെ അന്വേഷണം നടന്നു വരുന്നതിനിടെ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈ മാസം
ഒന്നിന് രാത്രി എട്ട് മണിയോടെ ആണ് സംഗീതിനെ കാണാതായത്. സുഹൃത്തിന്റെ മകനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനാണ് സുഹൃത്തിനൊപ്പം സംഗീത് ഓട്ടോറിക്ഷയിൽ വീട്ടിൽ നിന്ന് പോയത്. വടശേരിക്കര ഇടത്തറമുക്കിലുള്ള കടയിൽ നിന്നും സുഹൃത്ത് സാധനങ്ങൾ വാങ്ങി തിരികെ എത്തുമ്പോൾ സംഗീത് ഓട്ടോയിൽ ഇല്ലായിരുന്നു എന്നാണ് സുഹൃത്ത് പോലീസിന് നൽകിയ മൊഴി.
ഇടത്തറയിൽ നിന്നും ഓട്ടോറിക്ഷ എടുക്കുമ്പോൾ ഓട്ടോയുടെ മുൻ സീറ്റിൽ കൈലി ധരിച്ച വണ്ണമുള്ള ഒരാൾ ഇരിക്കുന്നത് സമീപത്തെ സി സി റ്റി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്ന് ആളുടെ മുഖം വ്യക്തമല്ല. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ബർമൂടയും ടീഷർട്ടും ആണ് സംഗീത് ധരിച്ചിരുന്നത്. സംഗീതിനെ ഏറെ വൈകിയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരുകയും വീട്ടിൽ എത്താതിരിക്കുകയും ചെയ്തതോടെ സംഗീതിന്റെ മുത്തശ്ശി തിരക്കി സുഹൃത്തിന്റെ വീട്ടിൽ എത്തി. എന്നാൽ സംഗീത് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ടാണ് പോയതെന്ന് സുഹൃത്തിന്റെ ഭാര്യ മുത്തശിയോട് പറഞ്ഞു. മാത്രമല്ല കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല എന്നും മുത്തശിയോട് പറഞ്ഞു. സംഗീതിനെ കാണാതായതിന് സമീപമുള്ള തോട്ടിൽ ഫയർ ഫോഴ്‌സും പോലീസും പരിശോധന നടത്തിയിരുന്നു. വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു സംഗീതിനെ കാണാതായത്. സംഗീതിന്റെ മാതാവ് ജസ്സി വിദേശത്താണ് ജോലി നോക്കുന്നത്. സഹോദരി ബംഗളൂരുവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.