പത്തനംതിട്ട : ആസ്വാദകരിൽ അമ്പരപ്പും അത്ഭുതവും സൃഷ്ട്‌ടിച്ച് ജനഹൃദയങ്ങളെ കീഴടക്കാൻ കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ് ‘ നാടകം വീണ്ടുമെത്തുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ജിയോ ഗ്രൗണ്ടില്‍ ജനുവരി 26 മുതൽ തുടര്‍ച്ചയായി 25 ദിവസം നാടകത്തിന്റെ പ്രദർശനം നടക്കും. 1973ൽ കലാനിലയം കൃഷ്‌ണൻ നായർ സംവിധാനം ചെയ്ത രക്തരക്ഷസ് വീണ്ടുമെത്തിക്കുന്നത് ഏരീസ് കലാനിലയം ആർട്സ് ആൻഡ് തിയറ്റർ പ്രൈവറ്റ് ലിമിറ്റഡാണ്. ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയിയും ഏരീസ് കലാനിലയം ആർട്സ് ആൻഡ് തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കൃഷ്ണൻ നായരുടെ മകനുമായ കലാനിലയം അനന്ത പത്മനാഭനും സംയുക്തമായാണ് രക്തരക്ഷസ് നാടകം വേദിയിലെത്തിക്കുന്നത്.
രണ്ടു ഭാഗങ്ങളായിട്ടാണ് രക്തരക്ഷസ് വേദിയിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യഭാഗമാണ് ഇപ്പോൾ അരങ്ങിലെത്തുന്നത്. മുൻകാലങ്ങളിൽ നിന്ന് സാരമായ മാറ്റംവരുത്താതെ നൂതന സാങ്കേതിക വിദ്യയ്ക്കനുസൃതമായാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. 7.1 ശബ്ദമികവോടെ എയർപോർട്ടും വിമാനവും കാടും കാറും കൊട്ടാരവുമൊക്കെ വേദിയിൽ അവതരിപ്പിച്ചു കൊണ്ടാണ് നാടകം ആസ്വാദകർക്ക് മുന്നിലെത്തിക്കുന്നത്. ഗാനരംഗങ്ങളും രക്തരക്ഷസിന്റെ പ്രത്യേകതയാണ്. പൂർണമായി ശീതീകരിച്ച ഓഡിറ്റോറിയത്തിൽ 25 ദിവസമാണ് നാടകം അവതരിപ്പിക്കുന്നത്. ദിവസവും വൈകിട്ട് 6നും രാത്രി 9നും പ്രദർശനങ്ങൾ. 500 രൂപ, 400 രൂപ, 200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഏരീസ് കലാനിലയം ഓഫിസിൽ നിന്നും ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാം. ഗ്രൂപ്പ് ബുക്കിങ്ങിന് ടിക്കറ്റ് നിരക്കിൽ കുറവുണ്ടായിരിക്കും. ഫോൺ: 087140 88850.