റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന റാന്നി പെരുമ്പുഴയിലെ ഹൃദയഭൂമി ഇന്ന് മാലിന്യക്കൂമ്പാരവും ഇഴജന്തുക്കളുടെ താവളവുമായി മാറുന്നു. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കിയ മാതൃകാപരമായ പൂന്തോട്ട പദ്ധതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് റാന്നിയിലും മനോഹരമായ പൂന്തോട്ടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നത്. എന്നാൽ കൃത്യമായ പരിപാലനത്തിന്റെ അഭാവം മൂലം ഇവയെല്ലാം ഇന്ന് നാശാവസ്ഥയിലായ നിലയിലാണ്.
പ്രധാനമായും പെരുമ്പുഴ ബസ് സ്റ്റാൻഡ് പരിസരം, റാന്നി വലിയപാലത്തോട് ചേർന്നുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് നേരത്തെ മികച്ച രീതിയിൽ പൂന്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് പരിപാലിച്ചു പോന്നിരുന്നത്. ഇവിടം ഇപ്പോൾ പൂർണ്ണമായും കാടുകയറി നശിക്കുകയാണ്. പരിപാലനം നിലച്ചതോടെ കാടുകയറിയ പൂന്തോട്ടങ്ങളിൽ രാത്രികാലങ്ങളിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ അടിയാൻ തുടങ്ങിയതോടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
ഇതിനുപുറമെ കാടുമൂടിക്കിടക്കുന്ന ചെടികൾക്കിടയിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ താവളമടിച്ചിരിക്കുന്നത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും വഴിയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നാടിന് ഭംഗിയും കുളിർമയും നൽകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച പദ്ധതി ജനങ്ങൾക്ക് തന്നെ ഉപദ്രവകരമായ രീതിയിൽ മാറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെട്ട് പൂന്തോട്ടങ്ങൾ ശുചീകരിക്കാനും അവ പഴയപടി സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.































