തിരുവനന്തപുരം: ഒരു ലക്ഷം രൂപവരെയുള്ള ആധാരം രജിസ്ട്രേഷനുള്ള ഇ- സ്റ്റാമ്പിംഗ് പരീക്ഷണം പൂർത്തിയാവുംമുമ്പേ, നാസിക്കിലെ പ്രസിൽ നിന്ന് മുദ്രപ്പത്രങ്ങൾ വാങ്ങുന്നത് അവസാനിപ്പിച്ച സർക്കാർ തീരുമാനം തിരിച്ചടിയായി. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ ഇരുപത് രൂപയുടെയും അഞ്ചു രൂപയുടെയും മുദ്രപത്രങ്ങൾ മാത്രമേയുള്ളൂ. മറ്റ് തുകയ്ക്കുള്ളവ തീർന്നു. ആധാരം ഒഴികെയുള്ള ഇടപാടുകൾക്ക് ഇ-സ്റ്റാമ്പിംഗ് നടപടി എങ്ങുമെത്തിയിട്ടില്ല. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യം. ബോണ്ട്, വാടക കരാർ , സത്യവാങ്മൂലം എന്നിവയ്ക്കാണ് ഇവ വേണ്ടിവരുന്നത്. വലിയ തുകയുടെ വാടക കരാറിന് 500 രൂപയുടെ പത്രം മതിയാവും. അഞ്ച് രൂപയുടെയും 20 രൂപയുടെയും പത്രങ്ങൾ മൂല്യം കൂട്ടി (റീവാലിഡേറ്റ്) പ്രതിസന്ധിപരിഹരിക്കാൻ നടത്തിയ ശ്രമം വേണ്ടത്ര ഫലിച്ചില്ല. കാരണം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ മൂന്ന് ഓഫീസർമാർ മാത്രമാണ് ഇതിനുള്ളത്. തിരുവനന്തപുരവും കാസർകോടും ഒഴികെയുള്ള 12 ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിലും റീവാലിഡേറ്റ് ചെയ്യാൻ അനുമതിയുണ്ട്. സ്റ്റാമ്പ് ഡിപ്പോ ഓഫീസറുടെ മറ്റു ജോലിത്തിരക്കുകൾക്കിടയിൽ വേണം ഇതും ചെയ്യാൻ. പൂർണമായി ഇ-സ്റ്റാമ്പിലേക്ക് മാറുകയാണ് പ്രതിവിധി.
മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലാണ് ഇ- സ്റ്റാമ്പിംഗ് പരീക്ഷണം ആദ്യം നടത്തി വിജയം കണ്ടത്. 14 ജില്ലകളിലെ 14 വെണ്ടർമാർക്ക് പരിശീലനം തുടങ്ങിയിരുന്നു. ഇവരുടെ വിലയിരുത്തൽ ഇന്ന് പട്ടത്തുള്ള ട്രഷറി ഡയറക്ടറേറ്റിൽ നടക്കും. ഇവർ പിന്നീട് മറ്റുള്ള വെണ്ടർമാരെ പരിശീലിപ്പിക്കുമെന്നാണ് വെണ്ടർമാരുടെ സംഘടന നൽകിയ ഉറപ്പ്. വിജയമെങ്കിൽ സംസ്ഥാനാടിസ്ഥാനത്തിലാക്കും. 1500 ഓളം ലൈസൻസുള്ള വെണ്ടർമാരാണ് സംസ്ഥാനത്തുള്ളത്. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പോർട്ടലിലൂടെയാണ് ആധാരം തയ്യാറാക്കുന്നത്. വെണ്ടർമാർ ട്രഷറി അക്കൗണ്ട് ലോഗിൻ ചെയ്ത് ഇ-സ്റ്റാമ്പ് രേഖപ്പെടുത്തും. ഒരു ലക്ഷത്തിന് മേലുള്ള രജിസ്ട്രേഷന് ഇ-സ്റ്റാമ്പിംഗ് നിലവിലുണ്ട്.