കുറ്റിപ്പുറം : വിശപ്പു സഹിക്കാനാവാതെ ചത്ത പൂച്ചയെത്തിന്ന യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. അസമിലെ ധുബ്രി ജില്ലയിലെ പൊക്ളാഖി സ്വദേശി ദിബോജിത് റോയിയെ (27) ആണ് ഞായറാഴ്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. ശനിയാഴ്ച വൈകുന്നേരം കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്തിരുന്ന് ദിബോജിത് ചത്ത പൂച്ചയെ തിന്നുന്നത് അവിടുത്തെ കച്ചവടക്കാരാണ് ആദ്യം കണ്ടത്. ദുർഗന്ധത്തെത്തുടർന്ന് കച്ചവടക്കാർ അന്വേഷിക്കുമ്പോഴാണ് ഇതു കാണുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകനായ റഫീഖ് മണിയും ടാക്സി ഡ്രൈവർ എൻ.പി. സുബൈറും ദിബോജിത് റോയിയോട് പൂച്ചയെ താഴെയിടാൻ പറഞ്ഞു. യുവാവ് അതനുസരിച്ചു. എന്തിനാണ് പൂച്ചയെ തിന്നതെന്ന് ചോദിച്ചപ്പോൾ വിശന്നിട്ടാണെന്നായിരുന്നു മറുപടി. ഉടനെ ഇവർ ഭക്ഷണവും വെള്ളവും നൽകി. അപ്പോഴേക്കും കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പത്മരാജന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി. ഭക്ഷണം കഴിച്ചശേഷം യുവാവ് അവിടെനിന്നു പോയി. ഇതിനിടെ ഈ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.