ദില്ലി : ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്ക് നിയമസഭയിൽ നടപടികൾ തുടങ്ങും. 81 അംഗ സഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് മഹാ സഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ അവകാശ വാദം. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാൻ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎ മാരെ ഇന്നലെ റാഞ്ചിയിൽ എത്തിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കും. ഇതിനിടെ, ബിജെപി റാഞ്ചാതിരിക്കാൻ ബിഹാറിലെ കോൺഗ്രസ് എംഎൽഎമാരെയും എഐസിസി നേതൃത്വം ഹൈദരാബാദിലെത്തിച്ചു. വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്ന ഝാർഖണ്ഡിൽ നിന്ന് ജെഎംഎം എംഎൽഎമാരെ ജനുവരി 2 ന് ഹൈദരാബാദിലെ സ്വകാര്യ റിസോർട്ടിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ 16 കോൺഗ്രസ് എംഎൽഎമാരെ ബിഹാറിൽ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും എത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിലെ ഇബ്രാഹിം പട്ടണത്തിലുള്ള സ്വകാര്യ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. ബിഹാറിൽ മഹാസഖ്യസർക്കാരിനെ താഴെ വീഴ്ത്തി എൻഡിഎയിലേക്ക് മറുകണ്ടം ചാടിയ നിതീഷ് കുമാർ ഫെബ്രുവരി 12നാണ് വിശ്വാസവോട്ട് നേരിടുന്നത്. ഫെബ്രുവരി 10 വരെ എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ തുടരുമെന്നാണ് സൂചന.