വ്യക്തി സത്യാഗ്രഹ കാലം മുതൽ താൻ കോൺഗ്രസുകാരൻ ; ടി പത്മനാഭൻ

For full experience, Download our mobile application:
Get it on Google Play

മനാമ : വ്യക്തി സത്യാഗ്രഹ കാലം മുതൽ താൻ കോൺഗ്രസുകാരനാണെന്നു എഴുത്തുകാരൻ ടി പദ്മനാഭൻ. താൻ ചിറക്കൽ താലൂക്ക് വിദ്യാർത്ഥി കോൺഗ്രസ് സെക്രട്ടറി ആയിരുന്നുവെന്ന് കോൺഗ്രസുകാർ മനസിലാക്കണം. ഇന്നത്തെ കെ എസ് യുവിന്റെ പഴയ രൂപമാണ് വിദ്യാർത്ഥി കോൺഗ്രസ്. 1945 ൽ എറണാകുളത്ത് വിദ്യാർത്ഥി കോൺഗ്രസ് സമരം നടന്നപ്പോൾ മുൻ മന്ത്രി ബേബി ജോൺ ഞങ്ങടെ വോളന്റിയർ ക്യാപ്റ്റൻ ആയിരുന്നു. കുട്ടിമാളു അമ്മ കോഴിപ്പുറത്ത് മാധവമേനോൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന സത്യാഗ്രഹം കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അന്നത്തെ രൂപമായ സോഷ്യലിസ്റ്റുകൾ അടിച്ചു കലക്കി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ചുവരിൽ എഴുതിയതിനു എന്നെയും പോലീസ് പിടികൂടി പ്രായപൂർത്തി ആകാത്തത് കൊണ്ട് ജയിലിൽ അടക്കാതെ വിട്ടു.

ഇപ്പൊ ഗാന്ധിജി എങ്ങനെയോ മരിച്ചു എന്ന് നരേറ്റീവ് ഉണ്ടാക്കുന്ന കാലമാണ്. ഭ്രാന്തനായ ഹൈന്ദവ വിശ്വാസി ഗാന്ധിയെ കൊന്നു എന്ന സത്യം തമസ്കരിച്ചു ആർ എസ് എസ്സിനെ വെള്ളപൂശാനുള്ള ശ്രമം നടക്കുന്നു. ഞാൻ പറയാനുള്ളത് പറയും. ആരോടും പറയും. ഗാന്ധിയെ വധിച്ചപ്പോൾ മംഗലാപുരത്തു ആർ എസ് എസ് ലഡ്ഡു വിതരണം ചെയ്തു. അന്ന് മംഗലാപുരത്തു വിദ്യാർത്ഥി ആയിരുന്ന താൻ നേരിൽ കണ്ടതാണ്. അവിടെ വലിയ സമ്മേളനം നടന്നപ്പോൾ പ്രസംഗിക്കാൻ വന്നത് ഗുരുജി ഗോൾ വാൾക്കാറാണ്. ഇന്ന് ഗാന്ധി എങ്ങനെയൊക്കയോ ആണ് മരിച്ചത് എന്ന് കഥമെനയാൻ ശ്രമിക്കുന്നവരൊക്ക ഇതറിയണം. അന്ന് ഞാൻ മാതൃഭൂമിയിൽ “ഒരു കൂമ്പ് കൂടി അടയുന്നു” എന്ന പേരിൽ കഥ എഴുതി. അതാണ് എന്റെ ആദ്യത്തെ രാഷ്ട്രീയ കഥ.

കേളപ്പജി, മൊയ്തു മൗലവി, സി കെ ഗോവിന്ദൻ നായർ എന്നീ കോൺഗ്രസ് നേതാക്കളോട് അടുത്ത സൗഹൃദമാണ് എനിക്ക് ഉണ്ടായിരുന്നത്. സി കെ അതി സമ്പന്നനായിരുന്നു. അവസാന കാലത്ത് അദ്ദേഹം ദരിദ്രനായിരുന്നു എന്നോർക്കണം. നിർധന കുടുംബത്തിൽ ജനിച്ചു കുബേരനാകുന്നതാണ് ഇന്നത്തെ രീതി. ഇന്ന് കേരളം ഭരിക്കുന്നവരിലും അത്തരക്കാർ ഉണ്ട്. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്. പിണറായി എന്റെ അടുത്ത സുഹൃത്താണ്. കോടിയേരിയും അടുത്ത ബന്ധമുള്ള നേതാവായിരുന്നു. അതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരി ആണെന്ന് പറയാൻ ആകില്ല. ഒരു ജോഡി ഷർട്ടും മുണ്ടും മാത്രം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് പി കൃഷ്ണ പിള്ള. അന്ന് തങ്ങുന്ന വീട്ടിൽ അന്ന് രാത്രി വസ്ത്രം കഴുകി ഉണക്കിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. കയ്യിൽ കാശില്ലാത്തത് കൊണ്ട് പലപ്പോഴും നടന്നു പോയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇടയ്ക്കു പണമില്ലാത്ത കൊണ്ട് കള്ളവണ്ടി കേറിയും പോകും. ഇന്ന് ഒറ്റമുണ്ടും ഷർട്ടും ഇട്ടുപോകണമെന്ന് പറയുന്നില്ല, എന്നാലും ചില മൂല്യങ്ങളൊക്കെ നേതാക്കന്മാർക്ക് വേണം. ഇന്നത്തെ കമ്മ്യുണിസ്റ്റ്കാരിൽ എത്രപേർക്ക് കൃഷ്ണപിള്ളയെ അറിയാം? കേളപ്പജി ആണ് എന്റെ വിഗ്രഹം. അത് കഴിഞ്ഞാൽ പി കൃഷ്ണപിള്ള ഉപ വിഗ്രഹമാണ്.

ഏത് ഇറച്ചിവെട്ടുകാരനും മോഷണം തൊഴിലാക്കിയവനും ഗാന്ധിയനായി വേഷം കെട്ടുന്ന കാലമാണിത് എന്ന് പദ്മനാഭൻ പറഞ്ഞു. അതുകൊണ്ട് ഞാൻ ഒരു കോൺഗ്രസ് ആണെങ്കിലും ഗാന്ധിയനല്ല. ഖാദിയാണ് കോൺഗ്രസിന്റെ എക്കാലത്തെയും അടയാളം. ഇന്ന് എത്ര കോൺഗ്രസുകാർ ഖദർ ധരിക്കുന്നു. ചെറുപ്പക്കാരായ കോൺഗ്രസുകാർക്ക് ഖാദി പുശ്ചമാണ്. അവരെല്ലാം നേതാക്കന്മാരാണെന്ന് സ്വയം ചമഞ്ഞു ഓരോരോ വേഷം കെട്ടുകയാണ് ചെയ്യുന്നത്. ചെറുപ്പക്കാരായ കോൺഗ്രസ് നേതാക്കൾ ദയവായി കോൺഗ്രസ് ആശയങ്ങൾ ഉൾക്കൊള്ളണം. കോൺഗ്രസ് വെറുമൊരു സംഘടയല്ല, അതൊരു മഹത്തായ ആശയമാണ്. ഇക്കാര്യങ്ങളെല്ലാം കണ്ണൂരിൽ എനിക്ക് പ്രിയദർശിനി അവാർഡ് നൽകാൻ രാഹുൽ ഗാന്ധി വന്നപ്പോൾ അദ്ദേഹത്തെ ഇരുത്തികൊണ്ട് ഇംഗ്ലീഷിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഗാന്ധിജി ജീവിച്ചിരുന്നപ്പോൾ അദ്ദേഹം കോൺഗ്രസിന്റെ സർവ്വ സൈന്യാധിപനായിരുന്നു. അദ്ദേഹം കോൺഗ്രസിൽ കാലണ മെമ്പർ പോലും ആയിരുന്നില്ല. ഗാന്ധി ഒരു താരംഗമായിരുന്നു എന്നും ടി പദ്മനാഭൻ പറഞ്ഞു.

കോൺഗ്രസുകാർ എഴുതും വായനയും ശീലിപ്പിക്കാൻ ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയത് മഹത്തായ കാര്യമാണ്. കെ സുധാകരനും പഴകുളം മധുവിനും അത് സാധിച്ചു എന്നത് ഇക്കാലത്തു അത്ഭുതമാണ്. കേരളത്തിൽ എല്ലായിടത്തും ഓടിനടന്ന് പുസ്തക ചർച്ച നടത്തുന്ന പഴകുളം മധു പഴയ കോൺഗ്രസുകാർക്ക് ആവേശമാണ്. ഞാൻ പഴയ കാലത്തെ കോൺഗ്രസുകാരൻ ആയതുകൊണ്ടാണ് ഇത് പറയുന്നത്. ഞാൻ 1943മുതൽ ഖദർ വസ്ത്രമാണ് ധരിക്കുന്നത്. മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിച്ചു എന്നെ ശ്മശാനത്തിലേക്ക്കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്റെ അഭിപ്രായത്തിൽ ഒരു ഗാന്ധിയെ ഇവിടെ ജീവിച്ചിരുന്നിട്ടുള്ളു. ആ ഗാന്ധിയെ അന്നത്തെ മത തീവ്രവാദികൾ കൊന്നു. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ “എനിക്കൊരു തോക്ക് സംഘടിപ്പിച്ചുതരൂ , സ്വയം മരിക്കാൻ” എന്ന് പറയുമായിരുന്നു. എന്റെ അഭിപ്രായത്തിൽ ലോകത്ത് ഒരു ക്രിസ്ത്യാനിയെ ഉണ്ടായിട്ടുള്ളൂ. അത് യേശു ക്രിസ്തുവാണ്. അന്നത്തെ ക്രിസ്ത്യാനികൾ അദ്ദേഹത്തെ മരക്കുരിശിൽ കയറ്റി.

കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാൻ ഒരാൾക്കും കഴിയില്ല. അതിന് പ്രതിരോധം സൃഷ്ടിക്കേണ്ടത് തൊണ്ണൂറ്റാറിന്റെ പടിവാതിൽ എത്തി നിൽക്കുന്ന ഞാനല്ല. ഇപ്പോൾ ചെറുപ്പക്കാർ ധാരാളമായി കടന്നു വരുന്നു. എഴുത്തുകാരെ ആർക്കും സൃഷ്ടിക്കാൻ കഴില്ല എന്ന് ടി പദ്മനാഭൻ പറഞ്ഞു. അത് സ്വമേവ ഉണ്ടാവുകയാണ് ചെയ്യുന്നത്. എഴുത്തുകാർക്ക് ആദ്യം വേണ്ടത് ഭാഷയാണ്.ഭാഷയാണ് എഴുത്തുകാരന്റെ ടൂൾ. അത് നല്ലപോലെ പ്രയോഗിക്കാൻ ശീലിക്കുകയാണ് വേണ്ടത്. ആദ്യം തുഞ്ചത്തു എഴുത്തച്ഛന്റെ രാമായാണത്തിൽ തുടങ്ങണം. അതൊരു ഭക്തികാവ്യം എന്ന നിലക്കല്ല ഞാൻ പറയുന്നത്. ഭാഷയിൽ ഒരു അടിത്തറ ഉണ്ടാകാൻ രാമായണം വായിക്കണം. ഞാൻ ഒരു ഭക്തനല്ല. ക്ഷേത്ര വിശ്വാസിയുമല്ല. ഭക്തരോട് എതിർപ്പുമില്ല. ഇന്ന് ചാനലുകളിലെ അന്തി ചർച്ചയിൽ ഭാഷയെ വികലമാക്കുന്നു.

പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രെട്ടറിയുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. പ്രിയദർശിനി മിഡിൽ ഈസ്റ്റ് ചാപ്റ്റർ ശ്രീ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരൻ ജേക്കബ് എബ്രഹാം എഴുതിയ “ബർണ്ണശേരിയിലെ ചട്ടക്കാരികൾ” എന്ന പുസ്തകം അദ്ദേഹം ഡോ. മൻസൂർ പള്ളൂരിനു നൽകി പ്രകാശനം ചെയ്തു. പ്രിയദർശിനി പുസ്തക ക്ലബ്‌ എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു. ടി പദ്മനാഭനെ കുറിച്ച് സംവിധായകനും തിരക്കഥാ കൃത്തുമായ സുസ്മേഷ് ചന്ദ്രോത്ത് നിർമിച്ച ഫീച്ചർ ഫിലിം പ്രദർശനം കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ഉദ്ഘാടം ചെയ്തു. പ്രഫഷ്ണൽ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എസ്. എസ് ലാൽ, പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് സെയ്ത് എം എസ്, മിഡിൽ ഈസ്റ്റ് ചാപ്റ്റർ കോർഡിനേറ്റർ സഞ്ജു പിള്ള, പി വി രാധാകൃഷ്ണ പിള്ള, രാജു കല്ലുമ്പുറം, നൗഫൽ പാലക്കാടൻ, ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗിൽബർട്ട് ജോൺ, ജോൺ കോശി എന്നിവർ പ്രസംഗിച്ചു. സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത ടി പദ്മനാഭന്റെ സാഹിത്യ ജീവിതം “നാളിനകാന്തി” ചിത്രപ്രദർശനവും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...