കുണ്ടറ : മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോൺവിളി വിവാദത്തിൽ എൻ.സി.പിയുടെ അന്വേഷണ കമ്മീഷന് പരാതിക്കാരി മൊഴി നൽകില്ല. ബിജെപി അംഗമായതിനാൽ എൻ.സി.പിയുടെ അന്വേഷണത്തോടു സഹകരിക്കേണ്ടന്നാണ് നിലപാട്. പരാതിക്കാരിയുടെ അച്ഛനും അമ്മയും കമ്മീഷന്‍ അംഗങ്ങളോടു സംസാരിക്കും. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്റെ നേതൃത്വത്തിലാണ് പാർട്ടിതല അന്വേഷണം.
അതേസമയം പരാതിക്കാരിയുടെ വീട്ടിലേക്കു പാർട്ടി അന്വേഷണ കമ്മീഷൻ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പാർട്ടി നേതാക്കൾ വീട്ടിലെത്തിയാൽ മാത്രം സംസാരിക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന നിലപാടാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സ്വീകരിച്ചിരിക്കുന്നത്. യുവതി പോലീസിൽ നൽകിയ പരാതിയിൽ പാർട്ടി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കിയിരുന്നു.
എന്നാൽ പരാതിക്കാരിയുടെ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തുമെന്നാണു സൂചന. കഴിഞ്ഞമാസം 28ന് നൽകിയ പരാതിയിൽ എൻസിപി നേതാവ് ജി. പത്മാകരനെതിരെയും പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവിനെതിരെയും കുണ്ടറ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിരുന്നില്ല. പരാതിയുമായി ചെന്നപ്പോൾ പോലീസ് ഒഴിവാക്കാൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് പോലീസ് ഉണർന്നതെന്നാണ് ആക്ഷേപം.