തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്‍പരിശോധനകളില്‍ അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതിലൊരു മാനദണ്ഡം പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെട്ടതെന്നും ഡിജിപി പറഞ്ഞു. ടിപി കേസ് പ്രതികള്‍ക്ക് 20വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന ഉത്തരവ് ജയില്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. ഇനി പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പോലും ജയില്‍ ആസ്ഥാനത്തെ അന്തിമപട്ടിയില്‍ അവരുടെ പേര്‍ ഉള്‍പ്പെടില്ലെന്നും ജയില്‍ മേധാവി പറഞ്ഞു.