ആലപ്പുഴ : നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സേനാ അംഗങ്ങൾക്കും പൊലീസ് വീണ്ടും നോട്ടിസ് അയയ്ക്കും. നേരത്തെ കേസ് അന്വേഷിച്ച സൗത്ത് സിഐയെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥലം മാറ്റിയിരുന്നു. പകരം നിയമിതനായ സിഐയാണു കേസ് വിശദമായി പഠിക്കണമെന്നും അതിനു ശേഷം നോട്ടിസ് അയയ്ക്കുമെന്നും അറിയിച്ചത്. ചോദ്യം ചെയ്യൽ ഇനിയും നീണ്ടുപോകുമെന്ന് ഇതോടെ ഉറപ്പായി.
പരാതിക്കാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിന്റെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിന്റെയും വീടുകളിൽ ചെന്നു സിഐ തോംസൺ കഴിഞ്ഞ ദിവസം വിവരങ്ങൾ തേടിയിരുന്നു. പ്രതികൾക്കു വീണ്ടും നോട്ടിസ് അയയ്ക്കുമെന്ന് അവരെയും അറിയിച്ചു.