റാന്നി : കൊട്ടാരക്കര – തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ വലിയ കുഴി അപകടഭീഷണിയായി മാറിയിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് ഒരു കുടുംബം സഞ്ചരിച്ച കാറിന്റെ ടയറുകള്‍ ഈ കുഴിയിലേക്ക് വീണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. റോഡരികിലെ കുഴിക്ക് ആറടിയില്‍ കൂടുതല്‍ താഴ്ച്ചയുണ്ട്. റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്.
നിരവധി വാഹനാപകടങ്ങള്‍ മുന്‍പും ഇവിടെ നടന്നിട്ടുണ്ട്. വാഹന യാത്രക്കാരോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കും ഈ ഗര്‍ത്തം വലിയ ഭീഷണിയായി മാറുകയാണ്. ശബരിമല മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡരികിലാണ് ഇത്രയും വലിയ അപകടം പതിയിരിക്കുന്നത്. അടുത്ത മണ്ഡലകാലത്തിന് മുന്‍പ് റോഡില്‍ സംരക്ഷണം ഒരുക്കുവാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രവാസി കോണ്‍ഗ്രസ് നേതാവ് റോയി ഉള്ളിരിക്കല്‍ ആവശ്യപ്പെട്ടു.































