കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറ് റെയില്‍വെയും പോലീസും സംയുക്തമായി അന്വേഷിക്കും. കല്ലേറുകള്‍ക്ക് പിന്നില്‍ മദ്യപ സംഘമെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് റെയില്‍വെയെയും പോലീസും സംയുക്ത അന്വേഷണത്തിനൊരുങ്ങുന്നത്. തിരൂരില്‍ വന്ദേഭാരതിനു നേരെ ഉണ്ടായ കല്ലേറിനു സമാനമായ സംഭവമാണിതെന്ന നിഗമനത്തിലാണ് പോലീസ്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനും, പൊതുജനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കാസര്‍ഗോഡ് കോട്ടിക്കുളത്ത് റെയില്‍വെ പാളത്തില്‍ കല്ലും വാഷ്‌ബേസിന്റെ ഭാഗങ്ങളും കണ്ടെത്തി. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇവ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പോലീസും മേല്‍പ്പറമ്പ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.