കൊച്ചി: ആഭിചാരവും അനാചരവും തടയുന്നതിനുള്ള ബിൽ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നേരത്തെ ഈ കേസ് പരിഗണിക്കവെ ഇത്തരത്തിലുള്ള ഒരു ബിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കാരണമാണ് കാലതാമസം വരുന്നതെന്നാണ് ഇപ്പോൾ സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. എന്ത് ഇതിനുള്ള തടസ്സങ്ങളെന്ന് വിശദീകരിച്ചുള്ള അധിക സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള യുക്തിവാദിസംഘം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേരളസർക്കാരിനുവേണ്ടി ആഭ്യന്തര ജോ. സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ഈ നിയമവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെന്ന പ്രസ്താവമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇതേത്തുടർന്ന് വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ഇന്ത്യയിൽ അന്ധവിശ്വാസ ചൂഷണത്തിനെതിരേയുള്ള കേന്ദ്രനിയമം ഇല്ലാതിരിക്കേ ഈ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ നിയമങ്ങൾ പാസാക്കപ്പെട്ടിട്ടുണ്ട്. അതിൽ മഹാരാഷ്ട്രയിലും കർണാടകയിലുംമാത്രമാണ് അന്ധവിശ്വാസത്തിനെതിരേ കുറച്ചെങ്കിലും പൂർണമായ നിയമം ഉള്ളത്. ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, അസം, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിൽ രണ്ടായിരത്തിനുമുൻപുതന്നെ പരിമിതമായ തോതിൽ ആഭിചാരത്തിനും ദുർമന്ത്രവാദത്തിനുമെതിരേയുള്ള നിയമങ്ങൾ നിലവിലുണ്ട്.





























