ചണ്ഡീഗഡ് : വാക്സീൻ അടങ്ങിയ ബാഗുമായി കടന്ന കള്ളൻ മാനസാന്തരപ്പെട്ട് ബാഗ് തിരികെ ഏൽപ്പിച്ചു. ഹരിയാന ജിൻഡിലെ പിപി സെൻട്രൽ ജനറൽ ആശുപത്രിയിൽ നിന്നു ഇന്നലെ പുലർച്ചെയാണു 440 ഡോസ് കോവാക്സീനും 1270 ഡോസ് കോവിഷീൽഡും നഷ്ടപ്പെട്ടത്. വാക്സീൻ അടങ്ങിയ ബാഗുമായി മുങ്ങിയ കള്ളനാണ് ബാഗിൽ എന്താണെന്ന് മനസ്സിലായതോടെ തിരികെ ഏൽപ്പിച്ചത്. ബാഗിനൊപ്പം ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു കത്തും അജ്ഞാതനായ കള്ളൻ വച്ചിരുന്നു.
‘ക്ഷമിക്കണം, കൊറോണയ്ക്കുള്ള മരുന്നായിരുന്നു ഇതിലെന്ന് എനിക്കറിയില്ലായിരുന്നു’ എന്നാണ് ഹിന്ദിയിൽ എഴുതിയ കത്തിൽ പറഞ്ഞിരുന്നത്. കോവീഷീൽഡ്, കോവാക്സീൻ വാക്സീൻ ഡോസുകളായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്.
ജിൻഡ് ആശുപത്രിയിലെ സ്റ്റോർ റൂമിൽനിന്ന് മോഷ്ടിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനു സമീപമുള്ള ചായക്കടയിലെ ഒരാളുടെ കയ്യിൽ കള്ളൻ ബാഗ് ഏൽപ്പിച്ചത്. ബാഗ് കൊടുത്ത ഉടൻ തന്നെ പോലീസുകാർക്ക് ഭക്ഷണം നൽകാൻ എത്തിയതാണെന്നും പെട്ടെന്ന് തിരികെ പോകണമെന്നും പറഞ്ഞ് അയാൾ അവിടെനിന്നു സ്ഥലം വിട്ടു. ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ആണെന്നു കരുതിയാണ് വാക്സീൻ അടങ്ങിയ ബാഗ് എടുത്തതെന്നാണ് പോലീസ് നിഗമനം.