ചെങ്ങരൂർ : ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച യു.ഡി.എഫ്. നാമനിർദ്ദേശപത്രികാ സമർപ്പണ ദിവസമായ ഇന്ന് ചെങ്ങരൂരിലെ ബാങ്ക് ഹെഡ് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി. നിക്ഷേപകർക്ക് പണം കൊടുക്കാതെയായിട്ട് വർഷങ്ങളായി. തെരഞ്ഞെടുപ്പ് നടപടിക്ക് ചിലവാക്കാനുള്ള പൈസ പോലും നിലവിൽ ബാങ്കിൽ ഇല്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും അഡ്മിനിസ്ട്രേറ്റർ ഭരണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെടാനും യു.ഡി.എഫ് തീരുമാനിച്ചത്.
ധർണ്ണ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ച് നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ടു ഭരണം അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.
തകർച്ചയിലേക്ക് കൂപ്പുകുത്തിയ ബാങ്കിന് ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള ആരോഗ്യമില്ല. കഴിഞ്ഞ 35 വർഷമായി ഭരിക്കുന്ന ഇടതു മുന്നണിയാണ് ബാങ്കിനെ ഈ കൊടും തകർച്ചയിലേക്ക് എത്തിച്ചത്. കരിവണ്ണൂർ മോഡൽ കൊള്ളയാണ് പാർട്ടി നേതാക്കൾ ഇവിടെയും നടത്തിയിരിക്കുന്നത്. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീസിലെ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ ഈ തട്ടിപ്പിന്റെ വിവരങ്ങൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കൾ വഴി വായ്പ എടുത്തിട്ടു ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ വരുത്തിയിരിക്കുന്ന ബാധ്യത തന്നെ രണ്ടരക്കോടി രൂപയാണ്. ഇതിൽ ഓരോരുത്തരുടെയും ബാധ്യത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടി അവരിൽ നിന്ന് ഈ തുക ഈടാക്കാനുള്ള നിയമനടപടിയാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്. വീണ്ടും ഭരണസമിതി ഉണ്ടായാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടാവില്ലെന്നും സമ്പൂർണ്ണ തകർച്ചയാകും ഫലമെന്നും പുതുശ്ശേരി പറഞ്ഞു. ജെയിംസ് കാക്കനാട്ടിൽ അധ്യക്ഷത വഹിച്ചു.
കുഞ്ഞു കോശി പോൾ, അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി സക്കറിയ, എബി മേക്കരിങ്ങാട്ട്, റ്റി. എം. മാത്യു, ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, അനിൽ തോമസ്, സജി പൊയ്ക്കുടിയിൽ, സൂസൻ തോംസൺ, മോഹൻ കോടമല, ജ്ഞാനമണി മോഹനൻ, ഗീത ശ്രീകുമാർ, പി ജ്യോതി, വർഗീസ്ക്കുട്ടി വട്ടശ്ശേരിൽ, വി. എ. ചെറിയാൻ, വർഗീസുകുട്ടി മമ്മൂട്ടിൽ, അജിത വിൽക്കി, അന്നമ്മ ഐസക്, സനീഷ് അടവിക്കൽ, ഷിജി ജോർജ്, മാത്തൻ വർഗീസ്, കെ. കെ. ജോർജ്, സണ്ണി കടമാൻകുളം, സാബു അടുക്കോലി, ജോർജി കടൂർ, മത്തായി വർഗീസ്, ഈപ്പൻ പെരുമാൾ, കെ. കെ. ശശി, ബേബി നടുവിലെമുറിയിൽ, ഇ. എം. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. പടിഞ്ഞാറേ കവലയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിക്ഷേപകരും സഹകാരികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.





























