കൊയിലാണ്ടി : കൊയിലാണ്ടി മുത്താമ്പി തടോളിത്താഴ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ ശേഷം മർദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചു. തടോളിത്താഴ തോണിയാടത്ത് ഹനീഫ (39) യെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ വീട്ടിനടുത്തുനിന്ന് തട്ടിക്കൊണ്ടു പോയത്. മൂന്ന് വർഷത്തോളം ഖത്തറിലായിരുന്ന ഹനീഫ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. സ്വർണം കൊണ്ടുവന്നതുമായുള്ള പ്രശ്നങ്ങളാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ബലമായി പിടിച്ച് വാഹനത്തിൽ കയറ്റിയപ്പോൾ ഹനീഫ ഉച്ചത്തിൽ നിലവിളിച്ചതിനെത്തുടർന്ന് സഹോദൻ അലി പിന്തുടർന്ന് ഓടിയെങ്കിലും വാഹനം അതിവേഗം ഓടിച്ചുപോയി. തിങ്കളാഴ്ച പുലർച്ചെ നാലോടെ ഹനീഫയെ അക്രമിസംഘം വഴിയിൽ ഇറക്കിവിട്ടു. ഹനീഫയ്ക്ക് മുഖത്തും തലയിലും ദേഹത്തും മർദനമേറ്റിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ അഞ്ചോളം പേരുണ്ടെന്നാണ് വിവരം.
സംഭവം നടന്നതിന് 200 മീറ്റർ അകലെ റോഡരികിൽനിന്ന് ഒരു എയർപിസ്റ്റൾ പരിസരവാസിക്ക് കളഞ്ഞുകിട്ടി. കളിത്തോക്കാണെന്ന് കരുതി ഇയാൾ തോക്ക് വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീടാണ് എയർ പിസ്റ്റളാണെന്ന് മനസ്സിലായത്. അക്രമിസംഘത്തിന്റെ കൈയിൽനിന്ന് നഷ്ടപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി എസ്.എച്ച്.ഒ എൻ.സുനിൽ കുമാർ, എസ്.ഐ മാരായ ശ്രീജേഷ്, അനൂപ് എന്നിവർ സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ജൂലായ് 13 ന് അരിക്കുളം ഊരള്ളൂരിൽ മാതോത്ത് മീത്തൽ അഷറഫ് (35) എന്ന യുവാവിനെയും തോക്കുചൂണ്ടി അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ. പിന്നീട് രാത്രി 12 മണിയോടെ കുന്ദമംഗലത്ത് ഉപേക്ഷിച്ചു. ഈ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം. അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്ന് പേരെ മാത്രമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ യഥാർഥ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.