കാസര്‍കോട് : മോഷണക്കേസ് അന്വേഷിച്ച പോലീസ് എത്തിയത് വമ്പന്‍ ടിസ്റ്റില്‍. വീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 19 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആഭരണങ്ങള്‍ കാണാതായത്. ഇതുസംബന്ധിച്ച് സുനില്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായും പോലീസിനെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടിക്കുളത്തെ 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുമ്പള സ്വദേശിയായ കാമുകനുവേണ്ടിയാണ് സ്വര്‍ണം കവര്‍ച്ച നടത്തിയതെന്ന് വെളിപ്പെടുത്തി. മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായ യുവതി ഇതേ കോളജിലെ വിദ്യാര്‍ത്ഥിയുമായാണ് പ്രണയത്തിലുള്ളത്. അപകടത്തില്‍പെട്ടുവെന്നും കുറച്ചുപണം തരപ്പെടുത്തി നല്‍കണമെന്നും യുവാവ് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതി മോഷണം നടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കാമുകന് കൈമാറുകയും ചെയ്തിരുന്നു.
കുഞ്ഞിനെ കാണാനാണ് അകന്ന ബന്ധുവായ യുവതി സുനിലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയില്‍ കയറുകയും ചെയ്തു. താക്കോല്‍ അലമാരയില്‍ തന്നെ വെച്ച നിലയില്‍ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 19കാരി കുടുങ്ങിയത്. ഇവരുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കാമുകനെയും പ്രതി ചേര്‍ത്തേക്കും.