അട്ടപ്പാടി : വെള്ളമില്ലാത്തതിനെ തുടര്‍ന്ന് അട്ടപ്പാടി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങി. വെള്ളം മുടങ്ങാന്‍ കാരണം മോട്ടോറില്‍ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ മാത്രമാണ് മുടങ്ങിയതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ശസ്ത്രക്രിയ മുടങ്ങിയതോടെ, ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയോ, മണ്ണാർക്കാട്ടെ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുരമിറങ്ങി ഈ രണ്ടിടത്തും എത്താൻ സമയമെടുക്കും എന്നതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും. കനത്ത മഴയെ തുടർന്ന് മരം വീണതോടെ കഴിഞ്ഞ ദിവസം ചുരത്തിൽ ഉൾപ്പെടെ അട്ടപ്പാടി മേഖലയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
അതേസമയം ശസ്ത്രക്രിയകള്‍ മുടങ്ങിയ വിഷയത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇടപെട്ടു. ആരോഗ്യ വൈദ്യുതി മന്ത്രിമാരുമായി ചര്‍ച്ച നടത്തി. നേരത്തെ ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കെ.എസ്.ഇ.ബി ഭീഷണിയും മുഴക്കിയിരുന്നു. എന്നാൽ മന്ത്രി ഇടപെട്ടതോടെ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞു. കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും.അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തി എന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.