തിരുവനന്തപുരം : പോലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ 13 വയസ്സുകാരി മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പത്തുമാസം പിന്നിട്ടിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ വലിയ വീഴ്ചയെന്ന് ഹൈക്കോടതി. അന്വേഷണം സി.ബി.ഐ.യ്‌ക്ക് വിട്ടുകൊണ്ടുള്ള ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവിലാണ് പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നത്. കുട്ടി തുടർച്ചയായി ലൈംഗികപീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിട്ടുള്ളതിന്റെ വ്യക്തമായ സൂചനകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ബലാത്സംഗം ആരോപിക്കപ്പെടുന്ന കേസുകൾ എഫ്.ഐ.ആർ. ഇട്ട് രണ്ടുമാസംകൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കുറ്റവാളികളെ കണ്ടുപിടിക്കാൻ വൈകുന്ന ഓരോദിവസവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുമെന്നുകണ്ടാണ് നിലവിലുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ കേസ് സി.ബി.ഐ.യ്ക്കു വിടുന്നതെന്നും ഉത്തരവിൽ പറയുന്നു.