റാന്നി : മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് താലൂക്കിലെ വിവിധ മേഖലകളില്‍ നാളെ സ്വീകരണം നല്‍കും. നാളെ ഉച്ചയോടെ പന്തളത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് വൈകിട്ടോടെ ചെറുകോല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ താലൂക്കിലെ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് പമ്പാ തീരത്തൂടെ വാഴക്കുന്നം നീര്‍പാലത്തിലെത്തി മറുകരയിലെത്തും. കുരുടാമണ്ണില്‍പടിയില്‍ അയിരൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ സ്വീകരിക്കുന്ന സംഘം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. നാളെ ഉച്ചമുതല്‍ പരമ്പരാഗത പാതയിലൂടെ അയ്യപ്പന്‍മാരുടെ വരവ് തുടങ്ങും. ഇവര്‍ക്കാവശ്യമുള്ള കുടിവെള്ളം, ഭക്ഷണം എന്നിവ വഴിയോരങ്ങളില്‍ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കിയിട്ടുണ്ട്. രണ്ടാംദിനം വെളുപ്പിന് രണ്ടിന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും തിരിക്കുന്ന ഘോഷയാത്ര റാന്നി മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി പാതകള്‍ സഞ്ചാരയോഗ്യമാക്കി. പലയിടത്തും പാതകള്‍ അലങ്കരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
നാളെ രാത്രി പത്തുമണിയോടെ പുതിയകാവ് ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കുന്ന ഘോഷയാത്രാ സംഘം അടുത്ത ദിവസം പുലര്‍ച്ചെ പുറപ്പെട്ട് മൂക്കന്നൂര്‍, ഇടപ്പാവൂര്‍ വഴി പേരൂച്ചാല്‍ എത്തും. ഇവിടെ നിന്നും പമ്പാനദിയിലെ പാലത്തിലൂടെ മറുകരയിലെത്തി പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രാ സംഘം ആയിക്കല്‍ തിരുവാഭരണപാറ, കുത്തുകല്ലുങ്കല്‍പടി, മന്ദിരം, ഇടക്കുളം, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം എട്ടുമണിയോടെ വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലെത്തിച്ചേരും. പേങ്ങാട്ട് കടവില്‍ കുളിയും കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനുശേഷമാണിവിടെനിന്ന് പുറപ്പെടുന്നത്. തുടര്‍ന്ന് പ്രയാര്‍ ക്ഷേത്രത്തിലെത്തും. ചമ്പോൺ, മാടമണ്‍ ഗുരുമന്ദിരം, മണ്ടകത്തില്‍ വീട്, ഹൃഷികേശക്ഷേത്രം, സ്‌കൂള്‍ പടി, ഐവേലിക്കുഴി, പൂവത്തുംമൂട്, കൂടക്കാവ്, വെള്ളാമണ്ണില്‍ എന്നിവിടങ്ങളിലൊക്കെ ഘോഷയാത്രയെ സ്വീകരിക്കും.
ഒന്നരയോടെ പെരുനാട് ധര്‍മശാസ്താക്ഷേത്രത്തിലെത്തും. വിശ്രമത്തിനുശേഷം പുറപ്പെടുന്ന ഘോഷയാത്ര മഠത്തുംമൂഴിയിലെ രാജരാജേശ്വരി മണ്ഡപത്തിലെത്തി പൂജകള്‍ നടത്തും. കൂനംകര, പുതുക്കട, ളാഹ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ളാഹ സത്രത്തിലെത്തി വിശ്രമിക്കും. ഇവിടെ നിന്നും മൂന്നാം ദിവസം പുലര്‍ച്ചെ ശബരിമലയിലേക്ക് പുറപ്പെടും. ളാഹയിൽ നിന്നു പുറപ്പെട്ട് രാജാമ്പാറ വഴി പുലർച്ചെ പ്ലാപ്പള്ളി, നാറാണംതോട് വഴി നിലയ്ക്കൽ ക്ഷേത്രത്തിലെത്തും. അവിടെ നിന്ന് പുറപ്പെട്ട് അട്ടത്തോട് വഴി കൊല്ലമൂഴി താഴെ എത്തും. ആറ്റുതീരത്തു കൂടി സഞ്ചരിച്ച് ഒളിയമ്പുഴ, കുറുങ്കയം, വലിയയാനവട്ടം, ചെറിയാനവട്ടം, നീലിമല വഴി അപ്പാച്ചിമേട്ടിലെത്തും. ശബരീപീഠത്തിലെത്തുന്ന ഘോഷയാത്ര തുടർന്ന് 5.30 ന് ശരംകുത്തിയിലെത്തിച്ചേരും. അവിടെ നിന്ന് 6 ന് സന്നിധാനത്തേക്ക് ആചാരപരമായി സ്വീകരിച്ച് യാത്രയാകും.