തിരുവല്ല : ഹൈക്കോടതി പോലീസ് സംരക്ഷണം നിർദ്ദേശിച്ചിരുന്ന വീട് അടിച്ചു തകർത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 5 പ്രതികൾ അറസ്റ്റിൽ. തിരുവല്ല ഓതറ മുള്ളിപ്പാറയിൽ ചക്കശ്ശേരിൽ സുകുമാരന്റെ വീടും വാഹനങ്ങളും അടിച്ചു തകർത്ത കേസിലെ രണ്ടാംപ്രതി ഉൾപ്പടെ 5 പ്രതികൾ അറസ്റ്റിലായിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതിയും സി പി എം ലോക്കൽ കമ്മിറ്റിയംഗവുമായ മോഹൻ കുമാർ അടക്കം 5 പേരാണ് ഇന്ന് പുലർച്ചെയോടെ വൈക്കം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും തിരുവല്ല പോലീസിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുകുമാരന്റെ വസ്തുവിൽ മതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നം വീടുകയറിയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. കേസിലെ മുഖ്യ പ്രതി സാബു അടക്കം 10 പേരെക്കൂടി ഇനി പിടികൂടാനുണ്ട്.