തിരുവല്ല: ടാറിംഗ് ഇളകിയുണ്ടായ കുഴികൾ മഴ വെള്ളത്താൽ മൂടി തടാകങ്ങളായതോടെ പാലിയേക്കര – കാട്ടുക്കര റോഡിൽ ദുരിത യാത്ര. നഗരസഭയിലെ 31, 32 , 33 വാർഡുകളിൽ കൂടി കടന്നു പോകുന്ന പ്രധാന റോഡാണിത്.
തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയിലൂടെ എത്തുന്ന വാഹന യാത്രിയർക്ക് തിരു വല്ല നഗരത്തിലെത്താതെ തന്നെ കോട്ടയം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. അതിനാൽ തന്നെ പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളാണ് ദൈനം ദിനം ഈ റോഡിലൂടെ കടന്നുപോകുന്നത്.
റോഡിന്റെ തുടക്കഭാഗമായ പാലിയേക്കര കുരിശടി മുതൽ അവസാന ഭാഗമായ ഇന്ത്യൻ ഗ്യാസ് ഏജൻസി ഗോഡൗൺ വരെയുള്ള ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. റോഡ് തകർന്നുണ്ടായ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഈ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കാറുള്ളതായി നാട്ടുകാർ പറയുന്നു. റോഡിന്റെ തകർച്ച കാരണം ഓട്ടോറിക്ഷക്കാർ ഓട്ടം വരാറില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.