തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ഹരിത കേരളമിഷന്റെയും ദേവസ്വം ബോര്‍ഡിന്‍റെയും ദേവഹരിതം പദ്ധതി പ്രകാരം ക്ഷേത്ര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു കരനെല്‍ കൃഷി. ഇതിന്റെ കന്നിക്കൊയ്ത്തും ഔഷധത്തോട്ട നിര്‍മാണോദ്ഘാടനവും നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു നിര്‍വഹിച്ചു.
ശ്രീവല്ലഭക്ഷേത്ര അന്നദാനസമിതി പ്രസിഡന്റ് എന്‍. ശ്രീകുമാരപിള്ള അധ്യക്ഷനായ ചടങ്ങിൽ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡംഗം എന്‍.വിജയകുമാര്‍ നിര്‍വഹിച്ചു. ആദ്യം കൊയ്തെടുത്ത നെല്‍ക്കതിര്‍ ദേവസ്വം ബോര്‍ഡംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, നഗരസഭാ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു.
ശാസ്താനടയ്ക്ക് പിന്നിലെ അരയേക്കര്‍ ഭൂമിയിലാണ് കരനെല്‍കൃഷി നടത്തിയത്. വിളവെടുപ്പില്‍ ലഭിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന അരി ക്ഷേത്രത്തിലെ നിവേദ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.