ശ്രീകണ്ഠപുരം : കൂട്ടുംമുഖത്തെ മലഞ്ചരക്കുകടയുടെ ഗോഡൗണിൽ നിന്ന് റബ്ബർഷീറ്റ് കവർന്ന കേസിൽ നടുവിൽ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പൻ സന്തോഷ് (39) അറസ്റ്റിൽ. ശ്രീകണ്ഠപുരം എസ്.ഐ. സുബീഷ് മോനും സംഘവുമാണ് ഞായറാഴ്ച രാത്രി മയ്യിൽ എട്ടേയാറിൽവെച്ച് സന്തോഷിനെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കൂട്ടുംമുഖം പഴയ ടൗണിൽ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള എ.പി.എസ്. ട്രേഡേഴ്സിന്റെ സംഭരണശാലയിൽനിന്ന് 400 കിലോ ഒട്ടുപാലും 40 കിലോ റബ്ബർഷീറ്റും കവർന്നത്.
ഗോഡൗണിന്റെ പിറകുവശത്തെ ചുമർ തുരന്നാണ് കവർച്ച നടത്തിയത്. കടയിലെ സി.സി.ടി.വി. നശിപ്പിച്ചതിനു ശേഷമായിരുന്നു മോഷണം നടത്തിയിരുന്നത്. കൈയുറ ഉപയോഗിച്ചതിനാൽ സ്ഥലത്തുനിന്ന് വിരലടയാളവും ലഭിച്ചിരുന്നില്ല. എന്നാൽ കൂട്ടുംമുഖം മസ്ജിദിലെ സി.സി.ടി.വിയിൽനിന്ന് പ്രതിയെന്ന് കരുതുന്നയാളുടെ ദൃശ്യം പോലീസിന് ലഭിച്ചതും ഇവിടെത്തെ കള്ളുഷാപ്പിൽ വ്യാഴാഴ്ച വൈകീട്ട് തൊരപ്പൻ സന്തോഷ് എത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാൾ ഉള്ള സ്ഥലം കണ്ടെത്തുക ദുഷ്കരമായിരുന്നു. തുടർന്ന് എട്ടേയാർ ഭാഗത്ത് ഇയാൾ ഗുഡ്സ് ഓട്ടോറിക്ഷയുമായി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച രാത്രി ഓട്ടോ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച റബ്ബർഷീറ്റ് മണത്തണയിലെ ഒരു കടയിലാണ് വിറ്റത്. കൂട്ടുംമുഖത്തുനിന്ന് കവർച്ച ചെയ്ത റബ്ബർഷീറ്റുകൾ ഈ കടയിൽ നിന്ന് കണ്ടെടുത്തു.
റബ്ബർഷീറ്റുകൾ കൊണ്ടുപോയ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവർച്ച നടന്ന കൂട്ടുംമുഖത്തെ സ്ഥാപനത്തിൽ പ്രതിയെയെത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലയിലും പുറത്തുമായി എഴുപതോളം കവർച്ചക്കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. പി.പി.അശോകൻ, സീനിയർ സി.പി.ഒമാരായ കെ.വി.ബിജു, കെ.സജീവൻ, സി.പി.ഒമാരായ കെ.ഐ.ശിവപ്രസാദ്, സി.എൻ.രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.