പെരുമ്പെട്ടി : തകർന്ന തൂക്കുപാലം പുനർനിർമിക്കാൻ കഴിയില്ലെന്ന് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിട്ടും പൊളിച്ചു നീക്കാത്തത് അപകട ഭീഷണി. കോട്ടയം – പത്തനംതിട്ട ജില്ലകളിലെ വെള്ളാവൂർ – കോട്ടാങ്ങൽ പഞ്ചായത്തുകളെ മണിമലയാറിനു കുറുകെ ബന്ധിപ്പിച്ചിരുന്ന നൂലുവേലിക്കടവ് പാലമാണ് അപകടാവസ്ഥയിൽ നിലനിൽക്കുന്നത്. 2018 മുതൽ തുടർച്ചയായുള്ള പ്രളയങ്ങളിൽ തകരാർ സംഭവിച്ച പാലത്തിന്റെ വെള്ളാവൂർ കരയുമായി ബന്ധിപ്പിച്ചിരുന്ന 15 മീറ്റർ ഭാഗം 2022 ഒക്ടോബറിൽ തകർന്ന് ആറ്റിൽ പതിക്കുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര നിലച്ചു.
പാലത്തിന്റെ തകരാർ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയർന്നതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയമുള്ളതായി എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി. 2016 ൽ കെൽ( കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി) അധികൃതരാണ് പാലം നിർമിച്ചത്. പാലം കാണാനായി എത്തുന്നവരും ആറ്റിൽ കുളിക്കാൻ വരുന്നവരും മൊബൈലിൽ ചിത്രങ്ങൾ പകർത്താനായി പാലത്തിൽ കയറുന്നതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. പാലത്തിലും സമീപത്തും ചൂണ്ടയിട്ട് മത്സ്യങ്ങളെ പിടിക്കുന്നതിനായി ഒട്ടേറെ ആളുകൾ ഇവിടെയെത്തുന്നുണ്ട്. തകർച്ചയിലായ പാലത്തിൽ നിന്ന് ജലനിരപ്പുള്ള സമയങ്ങളിൽ ആറ്റിലേക്ക് ചാടുന്നവരുമുണ്ട്. പാലത്തിന് സമീപത്തെ കയത്തിൽ കഴിഞ്ഞ 7 വർഷത്തിനിടെ 12 മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്.