തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്. ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവർക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. തൃശൂർ സ്വരാജ് റൗ ൽ തുടങ്ങിയ പുലിക്കളിയിൽ ശരീരത്തിൽ പുലിയുടെയും കടുവയുടെയും മാതൃകകൾ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികൾ തുള്ളിയുറയുന്ന കാഴ്ച അത്രേമേൽ ആവേശമാണ് പകരുന്നത്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി പൂരനഗരിയിൽ എത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം തൃശൂരിന്റെ സാംസ്കാരിക തനിമയുടെയും ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത പ്രധാന ആകർഷണമാണ്. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. സമഗ്ര കവറേജുമായി ഏഷ്യാനെറ്റ് ന്യൂസും ഈ ആവേശം കേരളമാകെ എത്തിക്കുകയാണ്.






























