ആലപ്പുഴ : എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരിച്ച് തുഷാര്‍ വെള്ളാപ്പളളി. മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ജില്ലാ അടിസ്ഥാനത്തിൽ വിശദീകരണം നൽകും. ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എസ്എന്‍ഡിപി നിലപാട് പറയുമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. അതേസമയം മഹേശന്റെ ആത്മഹത്യയില്‍ മാരാരിക്കുളം പോലീസ് ഭാര്യ ഉഷാ ദേവിയുടെ മൊഴി എടുക്കുകയാണ്. മഹേശൻ വീട്ടിൽ എഴുതിവെച്ച കത്തുകൾ കുടുംബം ഇന്ന് പോലീസിന് കൈമാറും.
കെ കെ മഹേശന്റെ ആത്മഹത്യ കേസ് ലോക്കൽ പോലീസിന് സത്യസന്ധമായി അന്വേഷിക്കാനാവില്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നുമാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്നും നിലവിലുള്ള തെളിവുകൾ വെച്ചുതന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കാൻ കഴിയുന്ന കേസാണിതെന്നും കുടുംബം പറയുന്നു.