എറണാകുളം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. എറണാകുളം സെന്റ് തെരേസാസ് കോളജിൽ പ്രഥമ ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിവിധ സർവകലാശാലകൾക്കും കോളജുകൾക്കും സമ്മാനിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള തലത്തിലേക്കു എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ തന്ത്രപരമായ ഇടപെടലുകളാണ് സ്വീകരിച്ചു വരുന്നത്. ദേശീയ രാജ്യാന്തര റാങ്കിംഗിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF), ഗ്ലോബൽ തുടങ്ങിയ അഭിമാനകരമായ റാങ്കിംഗുകൾ അക്രഡിറ്റേഷൻ സംവിധാനങ്ങൾ തുടങ്ങിയ നേട്ടങ്ങൾ നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്ന് ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.
നൈപുണ്യമുള്ള വിദ്യാർഥികളെ ചലനാത്മകമായ ആഗോള വെല്ലുവിളികൾ നേരിടാൻ സജ്ജരാക്കുകയാണ് സംസ്ഥാന സർക്കാർ. സാങ്കേതിക നവീകരണവും വിദ്യാഭ്യാസത്തിലെ പ്രവേശന ക്ഷമതയും താങ്ങാനാവുന്ന സാമ്പത്തിക സ്ഥിതിയും ഒരു മുൻഗണനയായി തുടരുകയും ചെയ്യുന്നുണ്ട്. വിവിധ സ്കോളർഷിപ്പുകളും, പദ്ധതികളും സാമ്പത്തിക പരിമിതിയുള്ള വിദ്യാർഥികളെ തരപ്പെടുത്തുന്നില്ലെന്നു ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പി ഡി എഫ് വിദ്യാർഥി പ്രതിഭ പുരസ്കാരം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവ ഇതിൽ പ്രധാനമാണ്. സ്ഥാപനങ്ങളെയും വിദ്യാർഥികളെയും പിന്തുണയ്ക്കുന്നതിനായി പൊതുമേഖല സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ടുകൾ ഉൾപ്പടെയുള്ള വിഭവങ്ങൾ സമാഹരിക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനതല റാങ്കിങ് സംമ്പ്രദായത്തിൽ എഴുത്ത്, ഗവേഷണം, അധ്യാപനം, പഠനം തുടങ്ങിയ പ്രധാന സൂചകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനു പുറമേ പരിസ്ഥിതി, തൊഴിലസരം, സാമൂഹികാഘാതം എന്നിവയും ഉൾപ്പെടുത്തിയത് നിരന്തരമായ മെച്ചപ്പെടുത്തലിനും കൂടുതൽ വലിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നതിന് പ്രചോദകമാക്കുകയും ചെയ്യുമെന്ന് ഡോ. ബിന്ദു ചൂണ്ടിക്കാട്ടി. ചടങ്ങിൽ നാക് മുൻ ഡയറക്ടർ രംഗനാഥ് എച്ച് അന്നേ ഗൗഡ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, സെന്റ് തെരേസാസ് പ്രിൻസിപ്പാൾ ഡോ. അൽഫോൻസ വിജയ് ജോസഫ്, കോളജ് ഡയറക്ടർ സിസ്റ്റർ ടെസ്സ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്ട്രാർ പി.എസ്. വനജ എന്നിവർ പങ്കെടുത്തു.