ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി. ട്രാക്ടര്‍ റാലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലീസിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ഷക നേതാക്കളുമായുള്ള പോലീസിന്റെ ചര്‍ച്ച. ഡല്‍ഹി, യുപി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസിലെത്തി. ട്രാക്ടര്‍ റാലി കടന്നുപോകുന്ന വഴികള്‍, ട്രാക്ടറുകളുടെയും കര്‍ഷകരുടെയും എണ്ണം, റാലിയുടെ സമയം, ക്രമസമാധാന ആശങ്കകള്‍ തുടങ്ങിയവ ചര്‍ച്ചയായി.
ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പോലീസിന്‍റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നിര്‍ണായക നീക്കങ്ങള്‍. അതേസമയം പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സുപ്രിംകോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേര്‍ന്നു. നാലംഗ സമിതിയില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് മാന്‍ നേരത്തെ പിന്മാറിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ ഇന്നും പ്രതികരിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താം വട്ട ചര്‍ച്ച നാളെ ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.