കാക്കനാട് : തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തില്‍നിന്നായിരുന്നു വ്യാഴാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ പര്യടനം ആരംഭിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പര്യടനം ഉദ്ഘാടനം ചെയ്തു. എം.പിമാരായ ഹൈബി ഈഡന്, രമ്യ ഹരിദാസ്, ബെന്നി ബഹനാന് എന്നിവര്‍ സന്നിഹിതരായി. നിലംപതിഞ്ഞിമുകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യര്‍ഥന. പിന്നീട് മേത്തര്‍ വില്ലയിലെത്തി കണ്ണങ്കേരി കോളനിയിലും പ്രചാരണം നടത്തി. സമീപത്തെ ഫ്ലാറ്റുകളിലും കയറി വോട്ട് ചോദിച്ചു.
ഉമക്കൊപ്പം ഹൈബി ഈഡന് എം.പിയും ഉണ്ടായിരുന്നു. മനയ്ക്കകടവില്നിന്ന് ആരംഭിച്ച പര്യടനം ഇടച്ചിറ ജങ്ഷന്, ഇന്‍ഫോ പാര്‍ക്ക്, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞിമുകള്‍, കണ്ണങ്കേരി, തൂതിയൂര്‍, സുരഭി നഗര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി വൈകി കാക്കനാട് ജങ്ഷനില്‍ സമാപിച്ചു. ഓരോ സ്വീകരണ പോയന്റിലും ആവേശം നിറഞ്ഞ ജനപങ്കാളിത്തമാണ് സ്ഥാനാര്‍ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഉണ്ടായിരുന്നത്. ഇടച്ചിറ ജങ്ഷനില്‍ കെ.പി.എ മജീദ് എം.എല്‍.എ സ്ഥാനാര്‍ഥി പര്യടനത്തില്‍ അഭിവാദ്യം അര്‍പ്പിച്ച് എത്തിയത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. കണ്ണങ്കേരി കോളനിയില്‍ ടി.വി ഇബ്രാഹീം എം.എല്‍.എയും പ്രചാരണത്തില്‍ സജീവമായിരുന്നു.
വ്യാഴാഴ്ച ചളിക്കവട്ടം കൃഷ്ണപിള്ള ജങ്ഷനില്‍നിന്ന് ആരംഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പൊതുപര്യടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. പതിവുപോലെ പച്ചക്കറികളും പഴവര്‍ഗങ്ങളുമായി നിരവധി കുട്ടികളും മുതിര്‍ന്നവരും സ്ഥാനാര്‍ഥിയെ കാത്തുനിന്നു. മണ്ണാറക്കര ജങ്ഷന്, കുമ്പളപ്പിള്ളി ജങ്ഷന്, ധന്യ ജങ്ഷന്, തൃക്കോവില്‍ ജങ്ഷന്, വടക്കിനേടത്ത് പള്ളി, വെണ്ണല ഹൈസ്കൂള്‍ ജങ്ഷന്, ചാണേപ്പമ്പ്, കൊറ്റങ്കാവ്, ശാന്തി നഗര്‍, കണിയാവേലി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം.
മന്ത്രി വി.ശിവന്‍കുട്ടി, പന്ന്യന്‍ രവീന്ദ്രന്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെത്തി ഡോ.ജോ ജോസഫിന് അഭിവാദ്യമര്‍പ്പിച്ചു. ചലച്ചിത്ര നടന് ഇര്‍ഷാദ് പര്യടന വാഹനത്തില്‍ ഡോ.ജോ ജോസഫിനൊപ്പം വൈറ്റില നിവാസികളെ കണ്ട് പിന്തുണ ഉറപ്പിച്ചു. രാത്രി പാലച്ചുവട് നടന്ന ജനപ്രതിനിധികളുടെ ഫുട്ബോള്‍ മത്സരത്തിലും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.