തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ അധ്യാപകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ കൂടുതല്‍ അറസ്റ്റ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് പിടിയിലായത്. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ചതാനാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതിയായ അധ്യാപകന്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നുരുന്നിയില്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വെച്ച് അധ്യാപകന്‍ മോശമായി പെരുമാറുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചു. ലൈംഗിക ചുവയോട് സംസാരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് തന്നെ ഇക്കാര്യം വിദ്യാര്‍ഥിനി സഹപാഠികളോട് പറഞ്ഞു. തുടര്‍ന്ന് പോലീസിലും പരാതിയെത്തുകയായിരുന്നു. എന്നിട്ടും ലൈംഗികാതിക്രമം മറച്ചുവെക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.