കൊച്ചി : എൻഡിഎ സംസ്ഥാന കൺവീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. മുഖ്യമന്ത്രിയുടെ ആലുവയിലെ വസതിയിലാണ് സന്ദർശനം നടത്തുക. രാവിലെ എട്ടു മണിയോടെയാണ് ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് വി.ഡി. സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇന്ന് മുഖ്യമന്ത്രിയുടെ ജന്മദിനമായതിനാൽ അദ്ദേഹത്തിന് നേരിട്ടെത്തി അനുമോദനം അറിയിക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. തുഷാറിനൊപ്പം എസ്എൻഡിപി യോഗം ഭാരവാഹികളും മുഖ്യമന്ത്രിയെ കാണാൻ എത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, എൻഡിഎ കൺവീനർ തന്നെ മുഖ്യമന്ത്രിയെ കാണാനെത്തുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.





























