ആര്യനാട് : തിരുവനന്തപുരം ഗോശാലയില്‍ എല്ലുതോലുമായി നിന്നതുള്‍പ്പെടെയുള്ള 34 പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍ പ്രതിസന്ധിയില്‍. ആര്യനാട് കടുവാകുഴിക്ക് സമീപമുള്ള മുഹമ്മദ് അഷ്ക്കറാണ് നഗരസഭ ഉറപ്പുകള്‍ തെറ്റിച്ചതോടെ വട്ടം ചുറ്റുന്നത്.
കന്നുകാലികള്‍ക്കുള്ള ചിലവുകള്‍ നല്‍കാമെന്ന തിരുവനന്തപുരം നഗരസഭ അധികൃതരുടെ ഉറപ്പിലാണ് പശുക്കളെ അഷ്കകര്‍ ഏറ്റെടുത്തത്. എന്നാല്‍, കഴിഞ്ഞ ആറുമാസമായി യാതൊരുവിധ സഹായവും കോര്‍പറേഷന്‍ നല്‍കുന്നില്ല. ഇതോടെയാണ് പശുസ്നേഹിയും പൊതു പ്രവര്‍ത്തകനുമായ അഷ്‌കര്‍ വെട്ടിലായത്. ഇപ്പോള്‍ പശുക്കളുടെ സകല ചിലവും വഹിക്കേണ്ട ഗതികേടിലാണ് അഷ്കര്‍.
നടനും എം.പിയുമായ സുരേഷ് ഗോപി നല്‍കിയ ഗീര്‍ കാള ഉള്‍പ്പടെ 22 കാളകളും, വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നിങ്ങനെ 11 പശുക്കളും, ഒരു പശുകുട്ടിയും ആണ് ഇവിടെ പരിപാലിക്കപ്പെടുന്നത്. തിരുവനന്തപുരം കോട്ടക്കകം കുതിരമാളികക്ക് സമീപമുള്ള ഗോശാലയില്‍ നരകയാതന അനുഭവിക്കുകയായിരുന്ന പശുക്കളെ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് 2020 ഫെബ്രുവരിയിലാണ് നഗരസഭ ഏറ്റെടുത്ത വിളപ്പില്‍ശാല ചവര്‍ ഫാക്റ്ററിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആര്യനാട് അഷ്കറിന്‍റെ സ്വകാര്യ ഫാമില്‍ എത്തിക്കുകയും ഇവയ്ക്കുള്ള എല്ലാ സൗകര്യവും വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മാത്രമാണ് നഗരസഭ വാക്ക് പാലിച്ചത്. കഴിഞ്ഞ ആറുമാസമായി യാതൊരു സഹായവും കോര്‍പറേഷന്‍ ചെയ്യുന്നില്ല എന്ന് ഫാം ഉടമപറഞ്ഞു.
പശുക്കള്‍ക്ക് രണ്ടു മൃഗ ഡോക്ടറുടെ നേതൃത്വത്തില്‍ നഗരസഭ ജീവനക്കാരുടെ സംഘം കൃത്യമായി പരിപാലനം നല്‍കുമെന്നും ഭക്ഷണവും മറ്റു ചിലവുകളും അടക്കം ഇതിനായുള്ള എല്ലാ സംവിധാനവും നഗരസഭ ഒരുക്കുമെന്നും ഫാമിനു വാടകയും നല്‍കുമെന്നും അന്ന് കോര്‍പറേഷന്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍, ദിവസേന പശുക്കള്‍ക് തീറ്റ, വൈക്കോല്‍, മരച്ചീനി മരുന്നുള്‍പ്പടെ നല്‍കാന്‍ 3500 ഓളം രൂപയോളം കണ്ടെത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍ അഷ്കറിന്. കഴിഞ്ഞ ആറുമാസമായി അഷ്കറാണ് ഇവയെ പോറ്റുന്നത്. ദിവസവും രണ്ട് ചാക്ക് തീറ്റയില്‍ അധികം ഇവയ്ക്ക് വേണമെന്നും അഷ്കര്‍ പറയുന്നു. പശുക്കളെ ഫാമില്‍ എത്തിച്ച ആദ്യനാളുകളില്‍ നിരവധി പ്രമുഖര്‍ പശുക്കള്‍ക്ക് തീറ്റ എത്തിച്ചു നല്‍കിയിരുന്നു. പിന്നീട് അതെല്ലാം നിലച്ചു.