മുബൈ: മുബൈ ലാൽബാഗിൽ വിനായക ചതുർത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. കാലാചൗക്കി ദത്താറാം ലാഡ് മാർഗിലെ കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപം ഞായറാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. ഗണേശോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് വലിയ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ്, പോലീസ്, ബിഎംസി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരിയായ രാഗിണി ഘൻശ്യാം യാദവിനെ ഉടൻ ലാൽബാഗിലെ മസീന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ഗ്ലോബൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഒരു യുവതി കൂടി മരണപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. പരിക്കേറ്റ കിരൺ അക്ബർ നായിക് (19), തൻവി നർഷ് ഹന്ദെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിങ് (12) എന്നിവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.































