കോന്നി : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു.
കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ റോഡ് തകർന്നു കിടന്നതിനെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം തണ്ണിത്തോട് കരിമാൻതോട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല. 2023 ഫെബ്രുവരിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിക്കുകയും 2023 മാർച്ച് മുതൽ കരിമാൻതോട് തൃശ്ശൂർ സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. സർവീസ് ആരംഭിച്ചു എങ്കിലും ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കാത്തതിനെ തുടർന്ന് സർവീസ് നിന്നു പോവുകയായിരുന്നു. കഴിഞ്ഞമാസം എംഎൽഎ ഇക്കാര്യം വീണ്ടും നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും ഗ്രാമപഞ്ചായത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് താമസ സൗകര്യം ഉറപ്പുവരുത്തുന്ന മുറക്ക് സർവീസ് പുനരാരംഭിക്കാം എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ പി ഗണേഷ് കുമാർ സഭയെ അറിയിച്ചിരുന്നു.
തുടർന്ന് എംഎൽഎ കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിന്റെ സാന്നിധ്യത്തിൽ കോന്നിയിൽ വിളിച്ച യോഗത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അവരുടെ ഓണറേറിയം ഉപയോഗിച്ച് ജീവനക്കാർക്ക് താമസിക്കാനുള്ള മുറി കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നും ഞായറാഴ്ച കരിമാൻത്തോട്ടിലേക്ക് സർവീസ് ആരംഭിച്ച ബസ്സുകൾക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കരിമാൻതോട്ടിലേക്കുള്ള ആദ്യ യാത്രയിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയ്ക്കൊപ്പം ഇരു ബസുകളും നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. തേക്കുതോട്ടിൽ എത്തിയ ബസുകൾക്കും എം എൽ എ യ്ക്കും വലിയ ജനാവലിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
കരിമാൻതോട്ടിൽ നിന്നും വെളുപ്പിനെ 4.45 ന് പുറപ്പെടുന്ന തൃശൂർ സർവീസ് കോന്നി-പത്തനംതിട്ട -ചങ്ങനാശ്ശേരി വഴി മണിക്ക് 11.55 ന് തൃശൂർ എത്തിച്ചേരും. കരിമാൻതോട്ടിൽ നിന്നും വെളുപ്പിനെ 4.15 ന് ആരംഭിക്കുന്ന തിരുവനന്തപുരം സർവീസ് കോന്നി -പൂങ്കാവ് വഴി തിരുവനന്തപുരത്ത് 8.15 ന് എത്തിച്ചേരും. ഫെബ്രുവരി 8 തീയതി മുതൽ പത്തനംതിട്ട വള്ളിക്കോട് അങ്ങാടിക്കൽ വഴി തിരുവനന്തപുരം സർവീസും മണ്ഡലത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കൂടി ഉണ്ടായിരുന്ന സർവീസുകളിൽ ചിലത് ഫെബ്രുവരി രണ്ടാം വാരത്തിലും സർവീസ് ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തേക്ക്തോട്ടിൽ നൽകിയ സ്വീകരണ യോഗത്തിൽ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അംഗം കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എസ് ഹരിദാസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സത്യൻ, സുലേഖ ടീച്ചർ, പത്മകുമാരി സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ ജിഷ്ണു, സുഭാഷ്, പ്രവീൺ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.