കോട്ടയം : മീനച്ചിലാറിന്‍റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ രണ്ട് നേഴ്സിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജ്മൽ (21), വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മരിച്ചത്. കൊങ്ങാണ്ടൂർ പന്നഗംതോട് മുടപ്പാലത്താണ് സംഭവം. ഇവരുടെ സഹപാഠിയായ പാദുവാ സ്വദേശി കാലൊടിഞ്ഞ് പരിക്കേറ്റ് വിശ്രമത്തിലാണ്. ഈ വിദ്യാർഥിനിയെ സന്ദർശിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. സഹപാഠിയെ കണ്ടശേഷം മടങ്ങവെ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങവെ രണ്ടുപേർ മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ പോലീസിൽ വിവരമറിയിച്ചതോടെ അയർക്കുന്നം പോലീസ് സ്ഥലത്തെത്തി. ഇതിന് ശേഷമാണ് സമീപവാസികളും വിവരം അറിഞ്ഞത്. തുടർന്ന് പാലായിൽ നിന്ന് അഗ്നിശമന സേനയെത്തി അവശനിലായിലായിരുന്ന ഇരുവരെയും കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം കിടങ്ങൂരിലെ ആശുപത്രിയിലുമാണ്. കൊല്ലം ട്രാവൻകൂർ കോളേജിലെ നേഴ്‌സിംഗ് വിദ്യാർത്ഥികളാണ് ഇരുവരും.





























