ഇന്ത്യയിലെ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിപണിയിലെ രാജാക്കന്‍മാരാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്ത്യന്‍ വിപണിയില്‍ ഐതിഹാസിക ബ്രാന്‍ഡ് ഇന്നും രാജാക്കന്‍മാരായി തുടരുന്നതിന് നിരവധി കാരണങ്ങളുണ്ട്. വിപണിയില്‍ പുതിയ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അവ മറികടക്കാനുള്ള കൃത്യമായ പദ്ധതികള്‍ റോയല്‍ എന്‍ഫീല്‍ഡിനുണ്ട്. ട്രയംഫ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവര്‍ ആഭ്യന്തര വാഹന ഭീമന്‍മാരുടെ കൈപിടിച്ച് തങ്ങളുടെ കോട്ട തകര്‍ക്കാനായി ഇന്ത്യന്‍ തീരത്തെത്തിയപ്പോഴും റോയല്‍ എന്‍ഫീല്‍ഡിന് വലിയ കുലുക്കമൊന്നുമില്ല. കാരണം നല്ല കിടുക്കാച്ചി മോഡലുകള്‍ പണികഴിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന അവര്‍ ഈ ഉത്സവ സീസണില്‍ അവയെ കെട്ടഴിച്ച് വിടും. ബുള്ളറ്റ് 350, ഹിമാലയന്‍ 450 എന്നിവയടക്കം നിരവധി പുതിയ മോട്ടോര്‍സൈക്കിളുകളാണ് കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. എന്നാല്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പുതിയ വാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.
യൂസ്ഡ് വാഹനങ്ങള്‍ അല്ലെങ്കില്‍ പ്രീ ഓണ്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയിലേക്ക് കമ്പനി കാലെടുത്ത് വെക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. യൂസ്ഡ് വാഹന വില്‍പ്പന രംഗത്തേക്ക് കമ്പനി പ്രവേശിക്കാന്‍ പോകുന്ന റോയല്‍ എന്‍ഫീല്‍ഡ് റീ-ഓണ്‍ (റീഓണ്‍) എന്ന നാമം ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത് ബ്രാന്‍ഡിന്‍റെ യൂസ്ഡ് വാഹന രംഗത്തേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നു എന്നാണ് പേര് കാണുമ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകുന്നത്. ഇതാദ്യമായല്ല ഇന്ത്യയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ യൂസ്ഡ് വാഹന വില്‍പ്പനക്കായി സ്വന്തം പ്ലാറ്റ്‌ഫോമുണ്ടാക്കുന്നത്.
പ്രശസ്ത കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര എന്നിവര്‍ ഇതിനോടകം യൂസ്ഡ് മാര്‍ക്കറ്റില്‍ മിന്നിത്തിളങ്ങിയവയാണ്. 2001ല്‍ ആരംഭിച്ച മാരുതിയുടെ ട്രൂവാല്യ അടുത്തിടെയാണ് 50 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. ഇത്തരത്തിലുള്ള പരിതസ്ഥിതിയിലാണ് റോയല്‍ എന്‍ഫീല്‍ഡും ഈ സെഗ്മെന്റില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ പുതിയ യൂസ്ഡ് വാഹന പ്ലാറ്റ്‌ഫോമിന് കീഴില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തം കമ്പനിയുടെ ഉല്‍പന്നങ്ങള്‍ മാത്രമാണോ വില്‍ക്കുക അല്ലെങ്കില്‍ മറ്റ് വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കുമോ എന്ന കാര്യങ്ങള്‍ തീര്‍ച്ചയില്ല.
റോയല്‍ എന്‍ഫീല്‍ഡ് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പനയിലേക്ക് കടക്കുകയാണെങ്കില്‍ എല്ലാ ബ്രാന്‍ഡുകളുടെയും സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുമെന്നാണ് ഞങ്ങളുടെ അനുമാനം. വിവിധ ക്വാളിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമായിരിക്കും കമ്പനി വാഹനങ്ങള്‍ വില്‍പ്പനക്ക് വെക്കുക. ഇതുകൂടാതെ ഉപഭോക്താക്കളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി റോയല്‍ എന്‍ഫീല്‍ഡ് പരിമിതകാല വാറണ്ടിയും മറ്റ് പ്രത്യേക ഓഫറുകളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വില നിലവാരത്തില്‍ സര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് ബൈക്കുകള്‍ വില്‍ക്കുന്ന ആദ്യ ബ്രാന്‍ഡ് ആകാനുള്ള ഒരുക്കത്തിലാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രീ ഓണ്‍ഡ് വാഹന വിപണിയിലേക്കുള്ള പ്രവേശനത്തിനൊപ്പം രണ്ട് പുതിയ മോട്ടോര്‍സൈക്കിള്‍ ലോഞ്ചുകള്‍ക്ക് കൂടി കച്ചകെട്ടി നില്‍ക്കുകയാണ് എന്‍ഫീല്‍ഡ്. പുതുതലമുറ ബുള്ളറ്റ് 350, ഹിമാലയന്‍ 450 എന്നിവയാണ് വമ്പന്‍ പ്രതീക്ഷകളോടെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന മോഡലുകള്‍.