കോന്നി : കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിന് ഒക്ടോബർ 21ന് രണ്ട് വയസ് തികയുമ്പോഴും കോളനിവാസികളുടെ പുനരധിവാസം ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്.
ഈ വർഷവും മഴ ശക്തമായപ്പോൾ കോളനിയിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. മുപ്പത്തിരണ്ട് കുടുംബങ്ങളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. 2019 ഒക്ടോബർ 21ന് കോന്നി ഉപതിരഞ്ഞെടുപ്പ് ദിവസമാണ് കോന്നി ഗ്രാമപഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറും ജിയോളജി വകുപ്പ് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് ഇവർക്ക് വാസയോഗ്യമായ ഭൂമി വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നെങ്കിലും കോളനിവാസികളുടെ പുനഃരധിവാസം രേഖകളിൽ മാത്രമായി ഒതുങ്ങി.