കൊല്ലം : പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. പുതുവൽസര ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹരിയെന്ന അനുമാനത്തിലാണ് പോലീസ്. പത്തനാപുരം കൊല്ലംകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്. വിശാഖപട്ടണം സ്വദേശികളായ ശ്രാവൺകുമാർ, രാമു എന്നിവരുടെ പക്കൽ നിന്നാണ് ലഹരി കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കായംകുളത്തെത്തിയ യുവാക്കൾ അവിടെ നിന്ന് ഓട്ടോ റിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. ആർക്ക് വേണ്ടിയാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് യുവാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊബൈൽ ഫോൺ കോൾ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.