ചണ്ഡീഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം. സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുകമ്പനികളുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ)യുടേതാണ് നടപടി.നേരത്തേ ഓല, ഇൻഡ്രൈവ് എന്നീ കമ്പനികളുടെ ലൈസൻസും സമാനരീതിയിൽ ചണ്ഡീഗഢിൽ സസ്പെൻഡ് ചെയ്തിരുന്നു.
ഓൺലൈൻ ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങൾ നൽകുന്ന നാല് പ്രമുഖ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതോടെ ചണ്ഡീഗഢ്, മൊഹാലി, പഞ്ച്കുള എന്നിവിടങ്ങളിലെ സ്ഥിരംയാത്രക്കാരടക്കം പ്രയാസത്തിലായിരിക്കുകയാണ്.ഡ്രൈവർമാരുടെ ഇൻഷുറൻസ്, പരിശീലനം, യാത്രാനിരക്ക്, സർവീസിന് ഉപയോഗിക്കന്ന വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കമ്പനികൾ ലംഘിച്ചതായാണ് എസ്ടിഎയുടെ കണ്ടെത്തൽ. ഇത് പരിഹരിക്കാനായി ഒട്ടേറെ അവസരങ്ങൾ നൽകിയെങ്കിലും കമ്പനികൾ അതിന് തയ്യാറായില്ലെന്നും അതിനാലാണ് യൂബറിനും റാപ്പിഡോയ്ക്കും വിലക്കേർപ്പെടുത്തിയതെന്നും എസ്ടിഎ അറിയിച്ചു.






























