കൊച്ചി : യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യത്തെ ഒഡേസ, ഖാര്‍കിവ് പട്ടണങ്ങളിലെ സര്‍വകലാശാലകളില്‍ നൂറുക്കണക്കിന് മലയാളികള്‍ കുടുങ്ങി കിടക്കുന്നു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാര്‍ത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലെയും സര്‍വകലാശാലകളിലായി കുടുങ്ങിക്കിടക്കുന്നത്. എയര്‍ ഇന്ത്യ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ തിരികെ വരാന്‍ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. യുക്രൈനിലേക്ക് കരയിലൂടെ റഷ്യയില്‍ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാര്‍കിവും ഒഡേസയും സൈന്യം വളഞ്ഞതോടെ കനത്ത ആശങ്കയിലാണ് കുട്ടികള്‍.
ഇതില്‍ ഖാര്‍കിവ് സര്‍വകലാശാലയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനമുണ്ടാതായും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. റഷ്യന്‍ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഖാര്‍കിവ് നഗരത്തിന്റെ അതിര്‍ത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുന്നു. യുക്രൈനിലെ ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 13 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ഗുരുതരമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ പലരും പല എയര്‍ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയര്‍ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പില്‍ വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണമുണ്ടായി. ഇത്തരത്തില്‍ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാല്‍ നേരത്തേ ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യന്‍ സൈന്യവും ഒരുമിച്ചാണ് ഇവിടെ ആക്രമണം നടത്തിയത്.നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യാത്ത നിരവധി മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരുടെ കണക്കെടുക്കുക ഇനി പ്രയാസമാണ്. 182 വിദ്യാര്‍ത്ഥികളാണ് നോര്‍ക്കയെ അറിയിച്ച് യുക്രൈനില്‍ പോയിട്ടുള്ളത്. എന്നാല്‍ നോര്‍ക്കയെ അറിയിക്കാതെ എത്ര കുട്ടികള്‍ പോയി എന്നതിന് കണക്കില്ല എന്നാണ് നോര്‍ക്ക ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്‍ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ അവിടെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലാത്ത കുട്ടികളോട് തിരികെയെത്താന്‍ നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് നിരവധി കുട്ടികള്‍ തിരികെയെത്തി. എന്നാലിപ്പോള്‍ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പലരെയും തടഞ്ഞിട്ടുണ്ട്. പലരും പല വിമാനത്താവളങ്ങളിലായി കുടുങ്ങി. അവരെല്ലാം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതോടെ വലിയ പ്രതിസന്ധിയിലാണ്. മറ്റ് കുട്ടികളെ ബന്ധപ്പെടാന്‍ നിലവില്‍ മാര്‍ഗമില്ല. എംബസിയുടെയും നോര്‍ക്കയുടെയും നമ്പറുകള്‍ വ്യാപകമായി എല്ലാവരോടും അറിയിച്ചിട്ടുണ്ട്. പ്രചരിപ്പിക്കുന്നുണ്ട്.
ക്ലാസുകള്‍ നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയാണ് പല കുട്ടികളും അവിടെ തുടര്‍ന്നത്. സ്ഥിതി വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും ചര്‍ച്ച നടത്തി വരികയാണ്.
ഉക്രൈനിലുള്ള മലയാളികളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും പ്രയോജനപ്പെടുത്താം. കൂടാതെ യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം.































