പത്തനംതിട്ട : നഗരാരോഗ്യത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല നഗരസഭാ നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുമൂലപുരം ഇരുവള്ളിപ്രയില്‍ നിര്‍വഹിക്കുക ആയിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ പൊതുജന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ആരോഗ്യ സൂചകങ്ങള്‍ മികച്ച രീതിയിലാണുള്ളത്. ആയുര്‍ദൈര്‍ഘ്യ നിരക്ക് ഏറ്റവും കൂടുതലും നവജാതശിശു മരണനിരക്കും മാതൃ മരണനിരക്കും ഏറ്റവും കുറവുമുള്ള സംസ്ഥാനമാണ് കേരളം. നവജാത ശിശു മരണനിരക്ക് ആറ് ആകണമെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശിക്കുമ്പോള്‍ കേരളത്തിന്റെ നിരക്ക് അഞ്ചിലും താഴെയാണ്. വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്തരം മാറ്റങ്ങള്‍ കൈവരിച്ചത്.
പൊതുജനാരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പങ്കും വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിലൂടെ വെല്‍നെസ് സെന്ററുകളും പ്രവര്‍ത്തനം നടത്തുന്നു. എല്ലാവര്‍ക്കും ആരോഗ്യം എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി 30 വയസിന് മുകളിലുള്ളവരുടെ വാര്‍ഷിക ആരോഗ്യപരിശോധനയും ആശപ്രവര്‍ത്തകര്‍ മുഖേന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിലെ സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യകേന്ദ്രം വളരെ സഹായകമാകുമെന്ന് ചടങ്ങില്‍ വിശിഷ്ടതിഥിയായ ആന്റോ ആന്റണി എം.പി പറഞ്ഞു.
കേരളത്തിലെ ആരോഗ്യനിലവാരം മെച്ചപ്പെട്ടു നില്‍ക്കുന്നത് കണക്കാക്കിയാണ് പഞ്ചായത്തുകള്‍ക്ക് ഒപ്പം നഗരങ്ങളിലും ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടതിഥിയായ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളുടെ വിജയത്തിനു കൂട്ടായ പ്രവര്‍ത്തനം ശക്തമാക്കണമെന്നും എം എല്‍ എ പറഞ്ഞു. മികച്ച ചികിത്സ സൗകര്യങ്ങള്‍, വിദഗ്ദ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സ്വാന്തന പൂര്‍ണ്ണമായ സേവനം, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സ,സ്വാന്തന പരിചരണം, പകര്‍ച്ചവ്യാധി തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നഗര ആരോഗ്യകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്ന സേവനങ്ങള്‍. നാഷണല്‍ ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുകൊണ്ടാണ് ആരോഗ്യ കേന്ദ്രം നഗരസഭ ആരംഭിച്ചത്. നഗരസഭാ ചെയര്‍പേഴ്സണ്‍ അനുജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ഷീല വര്‍ഗീസ്, സാറാമ്മ ഫ്രാന്‍സിസ്, ഷീജ കരിമ്പിന്‍കാല, നഗരസഭ സെക്രട്ടറി ആര്‍.കെ ദീപേഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീജ ബി റാണി, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.