ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ഹോർമോസ്ഗാൻ പ്രവിശ്യയിൽ വിവാഹാഘോഷത്തിൽ പങ്കെടുത്തവരാണ് മിസൈലാക്രമണത്തിൽ മരിച്ചത്. അൻപതിലേറെപ്പേർക്ക് പരിക്കുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിന് സമീപമാണ് ആക്രമണം നടന്ന സിറിക് സ്ഥിതിചെയ്യുന്നത്. സിറിക്കിൽ കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തിന് നേരെയാണ് മിസൈൽ പതിച്ചതെന്ന് വ്യക്തമല്ല. ഈ ആക്രമണത്തിന് ഖേദിക്കേണ്ടിവരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്് കോർ (ഐ.ആർ.ജി.സി.) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ യു.എസ്. ആക്രമണം നടത്തിയതായി നേരത്തേ ഇറാൻ മാധ്യമങ്ങൾ അറിയിച്ചിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഇറാൻ തിരിച്ചടിക്കുന്ന പക്ഷം ഇതിലും വലിയ പ്രഹരമേൽക്കേണ്ടിവരുമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും ജോർദാനിലെ യു.എസ്. സൈനിക ക്യാമ്പിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്കുവന്ന എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.































