ന്യൂഡൽഹി: റഷ്യയെ സാമ്പത്തികമായി സമ്മർദത്തിലാക്കാൻ കടുത്ത ഉപരോധനീക്കവുമായി അമേരിക്ക മുന്നോട്ട് പോകുമ്പോൾ, സ്വന്തം ആണവനിലയങ്ങൾക്ക് ആവശ്യമായ റഷ്യൻ യുറേനിയം ഇറക്കുമതിക്ക് ഇളവ് നൽകുന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമായ വ്യവസ്ഥ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ‘ലിന്‍ഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ സെപ്റ്റംബർ 18ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച് നിയമമാക്കി.
എന്നാൽ ഇതേ നിയമത്തിൽ അമേരിക്കയിലേക്ക് റഷ്യയിൽനിന്നുള്ള കുറഞ്ഞ സാന്ദ്രതയുള്ള യുറേനിയം (LEU) ഇറക്കുമതിക്ക് പ്രത്യേക ഒഴിവാണ് നൽകിയിരിക്കുന്നത്. അമേരിക്കയിലെ ആണവനിലയങ്ങൾ പ്രധാനമായും ലൈറ്റ് വാട്ടർ റിയാക്ടർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 96 എൽഡബ്ല്യുആർ റിയാക്ടറുകളുള്ള അമേരിക്കൻ ആണവവൈദ്യുതി മേഖലയ്ക്ക് ആവശ്യമായ ഇന്ധനത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2024ൽ അമേരിക്കയുടെ വാണിജ്യ ആണവവൈദ്യുതി ആവശ്യത്തിനുള്ള LEUയുടെ ഏകദേശം 81 ശതമാനവും ഇറക്കുമതി ചെയ്തതായാണ് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്കുകൾ പറയുന്നത്.
റഷ്യയിൽനിന്നുള്ള യുറേനിയം ഇറക്കുമതിയും യുദ്ധത്തിന് ശേഷം കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മിഷൻ കണക്കുപ്രകാരം 2022ൽ 829.75 മില്യൺ ഡോളറായിരുന്ന റഷ്യയിൽനിന്നുള്ള എൻറിച്ച്ഡ് യുറേനിയം ഇറക്കുമതി 2025ൽ ഏകദേശം 1.02 ബില്യൺ ഡോളറായി. അതായത് 23.75 ശതമാനം വർധന. 2025ൽ അമേരിക്കയുടെ ആകെ എൻറിച്ച്ഡ് യുറേനിയം ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 23.42 ശതമാനമായിരുന്നു.
ഇതാണ് പുതിയ നിയമത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രസക്തിയും. കപ്ലർ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ഇന്ത്യ പ്രതിദിനം 2.08 മില്യൺ ബാരൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്തു. ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം 45 ശതമാനമാണിത്. ജൂലൈയിൽ റഷ്യയുടെ വിഹിതം 55.9 ശതമാനമായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരായ അമേരിക്കൻ പുതിയ നിയമം നടപ്പാക്കുന്ന രീതിയനുസരിച്ച് ഇന്ത്യയുടെ ഊർജ സുരക്ഷയിലും ഇന്ത്യ-യുഎസ് ബന്ധത്തിലും പ്രത്യാഘാതമുണ്ടാകാം. വിഷയത്തിൽ ഉഭയകക്ഷി ബന്ധത്തിലും ആഗോള ഊർജ വിപണിയിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ അമേരിക്കൻ അധികൃതരെ അറിയിച്ചതായി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.


































