കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പുനലൂര്‍ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോ എന്നുള്ള പരിശോധനയും തുടരുകയാണ്. ഉത്രയുടെയും സൂരജിന്റെയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തുനോക്കുന്നത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം സൂരജിന്റെ പിതാവ് അറസ്റ്റിലായിരുന്നു. ഇയാളെയും സൂരജിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സൂരജിന്റെ പിതാവിന്റെ അറസ്റ്റിന് പിന്നാലെയാണ് സഹോദരിയും അമ്മയും അറസ്റ്റിലാവുന്നത്. പുനലൂരുള്ള വീട്ടിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
അതേസമയം സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒരു കാര്യവും നടക്കില്ലെന്നാണ് ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നത്. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് ഇയാള്‍ പറഞ്ഞു. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. സൂരജിന്റെ അച്ഛന്റെ ശ്രമം ഭാര്യയെയും മകളെയും രക്ഷിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും വിജയസേനന്‍ പറഞ്ഞിരുന്നു. സൂരജിന്റെ അച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂരജിന്റെ വീട്ടില്‍ നേരത്തെ തന്നെ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. വനിതാ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സൂരജിന്റെ അമ്മയും സഹോദരിയും.