കൊല്ലം : ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അച്ഛന് പിന്നാലെ അമ്മയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത. അമ്മ രേണുകയും സഹോദരി സൂര്യയും രാവിലെ പത്ത് മണിയ്ക്ക് കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടൂരിലെ വീട്ടില്‍ നിന്നും ഇവര്‍ പുറപ്പെട്ടിട്ടില്ല.
പോലീസെത്തി തങ്ങളെ കൊണ്ടുപോകട്ടെയെന്നാണ് ഇവരുടെ നിലപാട്. അടൂരിലെ വീട്ടില്‍ നിന്നും പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയ്ക്കാനാണ് സാധ്യത. ഉത്രയുടെ സ്വര്‍ണം സൂരജിന്റെ അടൂര്‍ പറക്കോട് ശ്രീസൂര്യയെന്ന വീടിന്റെ പരിസരത്ത് രണ്ടിടങ്ങളിലായി കുഴിച്ചിട്ടിരുന്നത് രാത്രിയില്‍ പോലീസ് കണ്ടെടുത്തിരുന്നു. സ്വര്‍ണം കുഴിച്ചിട്ടത് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും ചേര്‍ന്നാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതിനും സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. രേണുകയും സൂര്യയും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. രേണുകയുടെ പങ്ക് വ്യക്തമായിട്ടുള്ളതിനാല്‍ ഇന്നു തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.